ദേശീയ തലത്തിൽ പൊതുമേഖലയുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി ഗവേണൻസ് നൗ (Governance Now) സംഘടിപ്പിച്ച 9-ാമത് ഇന്ത്യാ പൊതുമേഖലാ ഐടി ഫോറം 2024ൽ പുരസ്ക്കാരം നേടി കെഎസ്ആർടിസി. പുരോഗമന പൊതുമേഖലയ്ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നാളെയെ നവീകരിക്കാം എന്ന വിഷയത്തിനെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഫോറത്തിൽ ഐടി ഇൻഫ്രാസ്ട്രക്ചർ മികവ്, വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഏറ്റവും മികച്ച ഉപയോഗം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ ലഭിച്ചത്.
ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഇ ഓഫീസ് സംവിധാനം വിജയകരമായി നടപ്പാക്കിയിരുന്നു.കേരളത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോയിലും ഇ -ഓഫീസ് സംവിധാനം വിപുലീകരിച്ച് പൊതുഗതാഗത പ്രവർത്തനങ്ങൾ നവീകരിക്കാനും അതിലൂടെ ഭരണപരമായ കാര്യങ്ങൾ കാര്യക്ഷമമാക്കാനും കടലാസ് ജോലികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിഞ്ഞു. ഇ- ഓഫീസ് സംവിധാനം നടപ്പാക്കുന്നതിലൂടെ ഫയലുകളുടെ കാര്യക്ഷമത, വേഗത, സുതാര്യത, സേവന സൗകര്യം എന്നിവ മെച്ചപ്പെടുത്താൻ കെഎസ്ആർടിസിയ്ക്ക് സാധിച്ചു. ജീവനക്കാർക്കും യാത്രക്കാർക്കും ഏറെ പ്രയോജനകരമായ ഈ സംരംഭം മെച്ചപ്പെട്ട ഭരണത്തിനും കൂടുതൽ പ്രതികരണശേഷിയുള്ള പൊതുസേവനത്തിനും വഴിയൊരുക്കുന്നു.
ഉപഭോക്തൃ സേവനം ഗണ്യമായി മെച്ചപ്പെടുത്തുന്നതിലേക്ക് ഏറ്റവും നൂതനമായ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ഓൺലൈൻ സ്റ്റുഡന്റ്സ് കൺസഷൻ, കസ്റ്റമർ കെയർ സർവീസ്, ലൈവ് മൊബൈൽ ടിക്കറ്റിങ് തുടങ്ങി വിവിധ സേവനങ്ങളിലൂടെ കെഎസ്ആർടിസി ഐടി ഇൻഫ്രാസ്ട്രക്ചർ വിപുലീകരിച്ചു.
രാജ്യത്തെ പ്രമുഖ പ്രസിദ്ധീകരണമായ ഗവർണൻസ് നൗ പൊതുമേഖല സ്ഥാപനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന് പ്രോത്സാഹനം നൽകുന്നു. വിദഗ്ധരെ ഒന്നിപ്പിച്ച് ഐടി ഫോറത്തിൽ നടക്കുന്ന ചർച്ചകൾ പൊതുമേഖല സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നു. പൊതുഗതാഗതം കൂടുതൽ കാര്യക്ഷമവും വേഗത്തിൽ ആക്സസ് ചെയ്യാവുന്നതുമാക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള കെഎസ്ആർടിസി-യുടെ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌ക്കാരങ്ങൾ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-04 11:43:26
ലേഖനം നമ്പർ: 1543