എല്ലാവർക്കും സ്‌പോട്‌സ് എല്ലാവർക്കും ആരോഗ്യം എന്ന കായിക നയത്തിലെ അടിസ്ഥാന നിലപാടിൽ ഊന്നിയുള്ള കായികക്ഷമതാ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കായിക വകുപ്പ്. കായിക പ്രവർത്തനങ്ങൾ താഴേത്തട്ടിൽ സജീവമാക്കുകയും ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഖത്തർ ആസ്ഥാനമായ എൻബിഎഫ് (ന്യൂ ബാലൻസ് ഫിറ്റ്നെസ്) അക്കാദമിയുമായി ചേർന്നാണ് പ്രാദേശിക തലത്തിൽ കായികക്ഷമതാ വികസന പരിപാടിയ്ക്ക് തുടക്കമിടുന്നത്. അന്താരാഷ്ട കായിക ഉച്ചകോടിയിൽ അവതരിപ്പിച്ച ശ്രദ്ധേയമായ പദ്ധതിയാണിത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുമായി ചേർന്ന് എൻബിഎഫ് ബോക്‌സുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. കണ്ടെയ്‌നറുകൾക്ക് സമാനമായ ഈ ബോക്‌സുകളിൽ ഫിറ്റ്‌നസ് ട്രെയിനിങ്ങിനള്ള ഉപകരണങ്ങളും മറ്റു വ്യായാമ സംവിധാനങ്ങളും ഒരുക്കും. വൈദഗ്ധ്യമുള്ള പരിശീലകരെയും നിയോഗിക്കും. എല്ലാ പ്രായത്തിലുള്ളവർക്കും ആരോഗ്യസംരക്ഷണത്തിന് സഹായിക്കാൻ ഈ സംരംഭത്തിന് സാധിക്കും. തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ ആദ്യ ബോക്‌സ് സ്ഥാപിക്കും.
സംസ്ഥാന, ദേശീയതല കായികതാരങ്ങളാണ് എൻബിഎഫ് അക്കാദമിയിലെ കോച്ചുകൾ. ഏത് പ്രായത്തിലുള്ളവർക്കും ആരോഗ്യം നിലനിർത്താനുള്ള വ്യായാമരീതികൾ അക്കാദമി വാഗ്ദാനം ചെയ്യുന്നു. എൻബിഎഫ് ബോക്‌സുകൾ ജിമ്മിന് അപ്പുറമായ കാഴ്ചപ്പാടാണ്. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ആരോഗ്യം നിലനിർത്താനുള്ള സമഗ്രമായ ഒരു ഫിറ്റ്‌നസ് ഹബ്ബാണിത്. ചെറിയ മുതൽമുടക്കിലൂടെ എങ്ങനെ ഫിറ്റ്‌നസ് നിലനിർത്താം എന്ന് ജനങ്ങളെ ബോധവൽക്കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
എല്ലാത്തരം കാലാവസ്ഥയേയും അതിജീവിക്കുന്ന പ്രകൃതി സൗഹൃദമായ സുസ്ഥിരമായ ഘടനയാണ് എൻബിഎഫ് ബോക്‌സുകളുടേത്. ഓട്ടോമേറ്റഡ് ബോട്ട് ട്രെയിനിംഗ്, എആർ-വിആർ ഗയിംസ്, പ്രീസെറ്റ് ഫിറ്റ്‌നസ് റോട്ടീൻ വീഡിയോ, ക്യുആർ കോഡ് മുഖേനയുള്ള ആക്സസ്, എയർകണ്ടീഷൻ തുടങ്ങിയവ ബോക്‌സുകളുടെ പ്രത്യേകതയാണ്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എൻബിഎഫ് എല്ലാ പ്രായത്തിലുള്ളവർക്കും വേണ്ട കാർഡിയോ വ്യായാമങ്ങൾ ഉൾപ്പെടെയുള്ള വ്യായാമങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു. മണിക്കൂർ നിരക്കിൽ പണമടച്ച് സേവനം പ്രയോജനപ്പെടുത്താം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-20 15:02:57
ലേഖനം നമ്പർ: 1527