സിനിമാ ചിത്രീകരണ ആവശ്യങ്ങൾക്കായി സ്ഥലങ്ങൾ വാടകയ്ക്ക് നൽകാൻ പുതിയ പദ്ധതിയുമായി കെഎസ്ആർടിസി. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ നൽകുന്നു.
കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിലവിൽ ഈഞ്ചക്കൽ, പാറശ്ശാല, റീജ്യണൽ വർക്ക്‌ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണൽ വർക്ക്‌ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്.
കെഎസ്ആർടിസിയുടെ നിത്യ സേവനങ്ങൾക്കോ പൊതുഗതാഗത സേവനങ്ങളിലോ തടസ്സമുണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുക. സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും കെഎസ്ആർടിസിയുടെ ഈ സേവനം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങൾ വിവരങ്ങൾക്ക് കെഎസ്ആർടിസിയുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471 2471011 (Ext-232), +91 94959 03813, +91 9995707131.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-18 14:43:58
ലേഖനം നമ്പർ: 1524