കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ ബ്രാൻഡുകൾ അവതരിപ്പിച്ച് കൃഷി വകുപ്പ്. ദേശീയ-അന്തർദേശീയ വിപണികളെ ലക്ഷ്യമാക്കി പൂർണമായും ജൈവിക രീതിയിൽ മികവുറ്റ കൃഷിരീതികൾ അടിസ്ഥാനമാക്കി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച ഉത്പന്നങ്ങളാണ് കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ ബ്രാൻഡുകളിലെത്തുന്നത്. കൊല്ലം ഭാഗ്യശ്രീ ഓർഗാനിക് ഫാം, പാലക്കാട് അട്ടപ്പാടിയിലെ അറ്റ്ഫാം കർഷക ഉൽപാദക കമ്പനി, തൃശൂർ അതിരപ്പള്ളി ട്രൈബർ വില്ലേജ് കർഷക ഉത്പാദക കമ്പനി എന്നിവിടങ്ങളിലുള്ള 26 ഉത്പന്നങ്ങളാണ് രണ്ട് ബ്രാൻഡുകളിലായി വിപണിയിലെത്തിയത്. 

ആരോറൂട്ട് വാൽനട്ട്, ആരോറൂട്ട് ബനാന, ആരോറൂട്ട് ബദാം, ആരോറൂട്ട് ക്യാഷ്യു, ആരോറൂട്ട് പിസ്താഷ്യോസ് എന്നീ ഉത്പന്നങ്ങളാണ് ഭാഗ്യശ്രീ ഓർഗാനിക് ഫാം ഉത്പാദിപ്പിക്കുന്നത്. ലിറ്റിൽ മില്ലറ്റ്, ഫോക്‌സ് ടെയിൽ മില്ലറ്റ്, റാഗി പുട്ടുപൊടി, റാഗി ദോശ മിക്‌സ്, ബജ്‌റ പൊടി, ബജ്‌റ ദോശ മിക്‌സ്, സ്വർഗം ഗ്രെയിൻസ്, ബജ്‌റ ഗ്രെയിൻ, റാഗി പൗഡർ, പ്രോസോ മില്ലറ്റ് എന്നിവയാണ് അറ്റ്ഫാം പാലക്കാട് ഉത്പാദിപ്പിക്കുന്നത്.ഈ 15 ഉത്പന്നങ്ങളും കേരളഗ്രോ ഓർഗാനിക്കായി ബ്രാൻഡ് ചെയ്തിട്ടുണ്ട്. 

കുരുമുളക് (100 എംഎൽ), കുരുമുളക് പൊടി, കുരുമുളക് (200 എംഎൽ), കാപ്പിപ്പൊടി, വറുത്ത കാപ്പിക്കുരു, ഈസ്റ്റ് ഇന്ത്യൻ ആരോറൂട്ട് സ്റ്റാർച്ച്, മഞ്ഞക്കൂവ റോ പൗഡർ, കുടംപുളി, ബ്ലാക്ക് ഡാമർ, മഞ്ഞൾ എന്നിവയാണ് അതിരപ്പള്ളി ട്രൈബൽ വാലി എഫ്പിഒ ഉത്പാദിപ്പിക്കുന്നത്. എല്ലാ ജില്ലകളിലെയും കേരളഗ്രോ സ്‌റ്റോറുകളിലൂടെ ഉത്പന്നങ്ങൾ ലഭ്യമാകും. 


കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയ്ക്ക് കീഴിൽ സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന വിശ്വാസയോഗ്യമായ ജൈവ ഉൽപന്നങ്ങൾ ആധികാരികതയോടുകൂടി പൊതുവിപണിയിൽ ലഭ്യമാക്കുക എന്നതാണ് ബ്രാൻഡിങ്ങിന്റെ ലക്ഷ്യം. ജൈവ രീതിയിലും ഉത്തമ കൃഷിരീതികൾ അവലംബിച്ചും ഉൽപ്പാദിപ്പിക്കുന്ന വിഭവങ്ങൾ ആവും മൂല്യവർദ്ധനവ് നടത്തിയും അല്ലാതെയും ആവശ്യക്കാരിലേക്ക് എത്തിക്കും. കൃഷിക്കൂട്ടങ്ങളുടെയും വകുപ്പിന്റെ കീഴിൽ രൂപകരിച്ചിട്ടുള്ള മറ്റ് കർഷക ഗ്രൂപ്പുകളുടെയും വിവിധ ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മ പരിശോധനയുടെ അടിസ്ഥാനത്തിൽ കേരളഗ്രോ ബ്രാൻഡിംഗ് നൽകാനാകുമെന്നും അതുവഴി കർഷകർക്ക് കൂടുതൽ വിപണി സാധ്യത നൽകാൻ കഴിയും. കമ്മീഷൻ ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാത്തതിനാൽ ഉൽപ്പാദകർക്ക് മികച്ച വില ലഭിക്കുകയും ഗുണഭോക്താക്കൾക്ക് വിശ്വാസ്യതയോടെ ന്യായവിലയ്ക്ക്  പൊതുവിപണികളിൽ ഗുണമേന്മയോടെ തനത് ഉൽപ്പന്നങ്ങൾ ലഭിക്കുകയും ചെയ്യും. ഇപ്പോൾ വിപണിയിലുള്ള വിശ്വാസ്യതയില്ലാത്ത ജൈവ ഉൽപ്പന്നങ്ങൾ നേടുന്ന മാർക്കറ്റ് ഷെയർ നമ്മുടെ കർഷകർക്ക് ലഭിക്കുന്നതിലൂടെ അവരുടെ വരുമാനം വർദ്ധിക്കാനും ഇത് ഇടയാക്കും.
ഈ സാമ്പത്തിക വർഷം 100 ഉത്പന്നങ്ങൾ കേരളഗ്രോയ്ക്ക് കീഴിൽ വിപണിയിലെത്തിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-18 12:55:57

ലേഖനം നമ്പർ: 1523

sitelisthead