സംസ്ഥാനത്ത് പക്ഷാഘാത ( സ്‌ട്രോക്ക് ) ബാധിതരാകുന്നവർക്ക് ആരോഗ്യപരമായ തുടർജീവിതം ഉറപ്പാക്കി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി മിഷൻ സ്ട്രോക്ക് പദ്ധതി ആവിഷ്‌കരിച്ച് കേരളം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് കെയർ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്ട്രോക്ക് നിർണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കിക്കൊണ്ട് ഒരു രോഗിയെ സമയം ഒട്ടും വൈകാതെ ചികിത്സയ്ക്ക് എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും സജ്ജമാക്കുക എന്ന വിശാലമായ ലക്ഷ്യമാണ് മിഷൻ സ്ട്രോക്ക് മുന്നോട്ട് വയ്ക്കുന്നത്. ഇതിനു പുറമെ പക്ഷാഘാതവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുക, സ്‌ട്രോക്ക് ലക്ഷണങ്ങളെക്കുറിച്ച് അവബോധം വളർത്തുക, ദ്രുതഗതിയിലുള്ള മെഡിക്കൽ ഇടപെടൽ ഉറപ്പാക്കുക, പ്രത്യേക പരിചരണം നൽകുക എന്നീ ദൗത്യങ്ങളോടെ കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
മെഡിക്കൽ പ്രൊഫഷണലുകൾക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ഈ പദ്ധതിയിൽ ഉൾപ്പെടുന്നു, 350 ലധികം ഡോക്ടർമാർക്കും ഹെൽത്ത് കെയർ സ്റ്റാഫുകൾക്കും ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
സ്‌ട്രോക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നത്തിനുള്ള കേന്ദ്രീകൃത സംവിധാനമായ മിഷൻ സ്‌ട്രോക്ക് മരണനിരക്ക് കുറയ്ക്കുക മാത്രമല്ല, സ്ട്രോക്കിന് ശേഷമുള്ള തുടർജീവിതം മെച്ചപ്പെടുത്താനും സഹായിക്കും. സ്‌ട്രോക്കുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ നിർണായക ചുവടുവെപ്പായ മിഷൻ സ്ട്രോക്ക് പദ്ധതി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-10 14:37:00
ലേഖനം നമ്പർ: 1518