കർഷക സേവനങ്ങൾ ദ്രുതഗതിയിലും സുതാര്യമായും ഉപഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തങ്ങളുടെ തുടർച്ചയായി നാലാം നൂറ് ദിന പരിപാടിയോടനുബന്ധിച്ചാണ് തിരിച്ചറിയൽ കാർഡ് സംവിധാനം നിലവിൽ വരുന്നത്.
സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാം. കാർഷിക മേഖലയിലെ സേവനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുക , സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾക്ക് പുറമെ സേവനങ്ങൾക്കായി സമർപ്പിക്കേണ്ട ഭൗതിക രേഖകളുടെ ആവശ്യകതയും പദ്ധതി വഴി കുറയ്ക്കാനാകും. കൃഷി വകുപ്പിൻറെ പദ്ധതി നിർവഹണത്തിൽ ഗുണഭോക്താക്കളെ സുതാര്യമായി കണ്ടെത്തുന്നതിനും സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കാനും കാർഡ് നിലവിൽ വരുന്നതിലൂടെ കഴിയും. സ്മാർട്ട് ഐ.ഡി. കാർഡ് മുഖേനെ ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനത്തിനും വഴിയൊരുങ്ങും.
ബാങ്കുകൾ, ധന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കാർഡ് കൈവശമുള്ള കർഷകർക്ക് വിവിധ സാമ്പത്തിക സഹായം, കാർഷിക വായ്‌പ തുടങ്ങിയവ ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ സ്വന്തമാക്കാനും ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്‌ടപരിഹാരം തുടങ്ങിയവയ്‌ക്കും കാർഡ് അവസരമൊരുക്കും. ഭാവിയിൽ സർക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ആധികാരിക രേഖയായും കർഷക തിരിച്ചറിയൽ കാർഡ് മാറും. അഞ്ചു വർഷ കാലാവധിയോടെയാണ് കാർഡുകൾ നൽകുന്നത്. കർഷകർക്ക് സർക്കാർ ഏർപ്പെടുത്തുന്ന വ്യത്യസ്ത സേവനങ്ങൾക്ക് ഒരു ഏകീകൃത സംവിധാനം ഒരുക്കാൻ ഡിജിറ്റൽ ഐഡൻറിറ്റി കാർഡിലൂടെ സാധിക്കും. കർഷകന് സമയബന്ധിതമായി സേവനങ്ങൾ നൽകുവാനും, ലഭിക്കുന്ന സേവനങ്ങൾ കർഷകർക്ക് ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കും.
കർഷക സേവനങ്ങൾ സുതാര്യവും അനായാസവും ആക്കുക, കൃത്യതയാർന്ന കാർഷിക വിവരശേഖരണം സാധ്യമാക്കുക, കർഷകർക്ക് അവരുടെ സമഗ്ര മേഖലയിലെയും കാർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് അവതരിപ്പിച്ച സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ കതിർ ആപ്പിലൂടെയാണ് KATHIR - Kerala Agriculture Technology Hub and Information Repository) കാർഡ് ഇഷ്യൂ ചെയ്യുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-09 18:16:12
ലേഖനം നമ്പർ: 1517