കേരളത്തിൽ ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായി നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന്  വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ അന്തർദേശീയ അംഗീകാരം.  വേൾഡ് ബ്ലഡ് ഡിസോർഡർ രജിസ്ട്രിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുണമേന്മയുള്ള വിവരശേഖരണം നടത്തിയതിനും ഏകോപനത്തിനുമാണ് ആഗോള തലത്തിൽ  അംഗീകാരം ലഭിച്ചത്. 

സംസ്‌ഥാനത്തെ ഹീമോഫീലിയ രോഗികളുടെ കൃത്യമായ വിവരങ്ങൾ നിരീക്ഷിക്കുകയും അതനുസരിച്ച് ചികിത്സയും പ്രവർത്തനങ്ങളും സർക്കാർ ഏകോപിപ്പിക്കുന്നുണ്ട്. ഹീമോഫീലിയ രോഗികളുടെ രോഗാവസ്ഥ വ്യത്യസ്തമാണ്. അതിനാൽ തന്നെ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്ന ചികിത്സാ പദ്ധതിയ്ക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ജില്ല തിരിച്ച് രോഗികളുടെ പട്ടിക ഉൾക്കൊള്ളുന്ന ഹീമോഫീലിയ ഡയറക്ടറി തയ്യാറാക്കി. ഇതുകൂടാതെ ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ അനീമിയ എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കും ഏകോപനത്തിനുമായി ആശാധാര വെബ് പോർട്ടലും മൊബൈൽ ആപ്പും സജ്ജമാക്കി. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്  ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ് ലഭിച്ചു. 

രണ്ടായിരം പേർ നിലവിൽ ആശാധാര പദ്ധതി വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും ആശാധാര പോർട്ടൽ സഹായിക്കുന്നു. കേരളത്തിൽ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലാണ് ഹീമോഫീലിയ ചികിത്സ നൽകി വരുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവിൽ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കുറവുള്ളവർക്ക് ഫാക്ടർ നൽകുന്നതിന് പുറമെ, ശരീരത്തിൽ ഇൻഹിബിറ്റർ (ഫാക്ടറിനോട് പ്രതിപ്രവർത്തനമുണ്ടായി ഫാക്ടർ ചികിത്സ ഫലിക്കാത്ത സാഹചര്യം) അളവ് പരിശോധിക്കാനും തുടർന്ന് വേണ്ട ആളുകൾക്ക് എപിസിസി, മോണോക്ലോണൽ ആന്റിബോഡി ചികിത്സകളും നിലവിൽ നൽകി വരുന്നുണ്ട്. ഇതുകൂടാതെ പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ നിലവിലുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-07 11:29:31

ലേഖനം നമ്പർ: 1411

sitelisthead