പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്ന പച്ചത്തുരുത്ത് പദ്ധതി ആറാം വർഷത്തിലേക്ക്. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുകയാണ് ഹരിതകേരളം മിഷൻ നേതൃത്വം നൽകുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം. 2019 ജൂൺ 5-നു, ലോക പരിസ്ഥിതി ദിനത്തിൽ, തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അഞ്ചു വർഷം പിന്നിടുമ്പോൾ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ വിവിധ ഇടങ്ങളിലായി 856.23 ഏക്കർ വിസ്തൃതിയിൽ 2950 പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഈ വർഷം 1000 പച്ചത്തുരുത്തുകൾക്കു കൂടി സ്ഥാപിക്കുകയാണ് ഹരിതകേരളം മിഷന്റെ ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യംകൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി,അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി, വനംവകുപ്പിന്‍റെ സാമൂഹ്യവനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. 2050 ല്‍ സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ള നെറ്റ് സീറോ കാര്‍ബണ്‍ കേരളം എന്ന അവസ്ഥ കൈവരിക്കുന്നതില്‍ പച്ചത്തുരുത്തുകള്‍ക്ക് സുപ്രധാന പങ്കു വഹിക്കാനാകും.
പോത്തൻകോട് പഞ്ചായത്തിൽ അരസെന്റിൽ തുടക്കം കുറിച്ച സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്ത് ഔഷധ സസ്യങ്ങളുടെ വിവിധത്വത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ വളർന്നുവരുന്ന സസ്യങ്ങളിൽ ആടലോടകം, മൈലാഞ്ചി, വെള്ള പൈൻ, രക്ത ചന്ദനം, മരോട്ടി, അശോകം, വേപ്പ്, അങ്കോലം, അണലിവേഗം, നീർമരുത്, ചിറ്റരത്ത, കർപ്പൂരം, കാഞ്ഞിരം, നാഗദന്തി, യശങ്, നാഗലിംഗമരം തുടങ്ങിയ അപൂർവ ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്നു. കൂടാതെ, പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കുന്ന മറ്റ് സസ്യങ്ങളും ഇവിടെ വളരുന്നുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-13 18:52:01
ലേഖനം നമ്പർ: 1417