മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാഷണൽ സർവീസ് സ്കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്നേഹാരാമം പദ്ധതിക്ക്  ലോക റെക്കോർഡ്. കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ ഇടങ്ങളായി മാറ്റിയതിനാണ് വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അംഗീകാരം. മാലിന്യം വലിച്ചെറിയുന്നത് തടയുക, വൃത്തിയുള്ള പൊതുയിടങ്ങളുണ്ടാക്കുക, ശുചിത്വത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 

വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അഡ്ജ്യൂഡികേറ്റർ, ക്യൂറേറ്റർ എന്നിവർ അടങ്ങിയ വിദഗ്ദ്ധ സംഘം സ്‌നേഹാരാമം പദ്ധതി പരിശോധിച്ച് റിപ്പോർട്ടും രേഖകളും വിലയിരുത്തിയ ശേഷമാണ് പദ്ധതിക്ക്  ലോക റെക്കോർഡ് നൽകിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സഹകരണത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്. പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ വോളന്റിയർമാരുടെ സർഗ്ഗാത്മകത കാഴ്ച്ചവച്ചു കൊണ്ടാണ് പ്രദേശം സ്‌നേഹാരാമമായി മാറ്റിയെടുത്തത്. സംസ്ഥാനത്താകെ 3500 എൻ.എസ്.എസ്. യൂണിറ്റുകളുണ്ട്. ക്യാമ്പയിനിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-15 11:47:10

ലേഖനം നമ്പർ: 1343

sitelisthead