കൊച്ചിയെ ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി  പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. വയോജനങ്ങൾക്കായി നടത്തുന്ന പദ്ധതികൾ വിശദീകരിക്കുന്നതിനായി ലോകാരോഗ്യ സംഘടന ജനീവയിൽ വെച്ച്  നടത്തിയ ലീഡർഷിപ് സമ്മിറ്റിലാണ് പ്രഖ്യാപനം.  മുതിർന്ന പൗരന്മാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും മാനസികവും ശാരീരികാരോഗ്യത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ മൂന്നുവർഷമായി കൊച്ചി നഗരസഭ നടത്തിയ പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്. 

മാജിക്സ് സന്നദ്ധ സംഘടന,  ഐ.എം.എ. എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്കടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികളും പരിപാടികളും നഗരസഭ നടപ്പിലാക്കി. പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, മുതിർന്നവരുടെ സാമൂഹികമായ ജീവിതത്തിന് ഉതകുന്ന സൗകര്യങ്ങൾ ഒരുക്കുക, വയോജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക, കോളേജുകളുമായി സഹകരിച്ച് നൂതന സാങ്കേതിക വിദ്യയിലുള്ള പരിശീലനം ലഭ്യമാക്കുന്ന വയോവിജ്ഞാനം പദ്ധതി, വയോജനങ്ങൾക്ക് മാത്രമായുള്ള സീനിയർ ടാക്സി സർവീസ്, മാതൃകാ സായംപ്രഭ പകൽ വീട് എന്നിവയടക്കമുള്ള നിരവധി നൂതന പദ്ധതികൾ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കൊച്ചി നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കായുള്ള ദന്തസംരക്ഷണത്തിൽ ഊന്നിയുള്ള വയോസ്മിതം പദ്ധതി,  വയോജനങ്ങളുടെ വിനോദസഞ്ചാര പരിപാടിയായ ജെറിയാട്രിക് ടൂറിസം പദ്ധതി, മുതിർന്ന പൗരന്മാർക്കായുള്ള കായികമേള, മുതിർന്ന പൗരന്മാരുടെ പ്രതിഭ കണ്ടെത്തുന്നതിനായുള്ള വയോപ്രതിഭ പദ്ധതി എന്നിവയും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

വയോമിത്രം പദ്ധതിയിൽ ഉൾപ്പെടുന്ന ശരാശരി നാലായിരത്തോളം വയോജനങ്ങൾക്ക് പ്രയോജനമാകും വിധം വിവിധ പദ്ധതികൾ നഗരസഭ നടപ്പിലാക്കി വരുന്നുണ്ട്. തേവരയിലെ വൃദ്ധസദനം മന്ദിരം, മൂന്ന് ഓൾഡ് എയ്ജ് ഹോം ക്ലിനിക്കുകൾ എന്നിവ അടക്കം 45ഓളം ക്ലിനിക്കുകൾ വയോജനങ്ങൾക്കായി നടത്തിവരുന്നു. ജീവിതശൈലീ രോഗങ്ങൾ അടക്കമുള്ള വാർദ്ധക്യ സഹജമായ എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നുകളും ഇൻസുലിൻ അടക്കമുള്ള മറ്റ് അവശ്യ മരുന്നുകളും വയോജനങ്ങൾക്കായി നൽകിവരുന്നുണ്ട്. 45 ക്ലിനിക്കുകളും കേന്ദ്രീകരിച്ച് വയോജന ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ ക്ലബ്ബ് മുഖേന വിനോദയാത്രാ, കലാപ്രദർശങ്ങൾ, സൗഹൃദ ചർച്ചകൾ, യോഗാ ക്ലാസ്, ബോധവത്ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചുവരുന്നുണ്ട്.

വയോജനങ്ങൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും കൊച്ചി നഗരസഭ വിജയകരമായി നടപ്പാക്കി. മുതിർന്നവർക്ക് എല്ലാ മേഖലയുമായി ബന്ധപ്പെട്ട സഹായത്തിനു വേണ്ടി രൂപീകരിച്ചിട്ടുള്ള എൽഡർ ഹെൽപ്പ് ലൈൻ പദ്ധതി, എമർജൻസി മാനേജ് മെൻറ് ആൻറ് എമർജൻസി അലേർട്ട് സംവിധാനം, കായിക വിനോദ മേഖലയിൽ മുതിർന്ന പൗരന്മാർക്കൊപ്പം വിവിധ പ്രായവിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജെനറേഷൻ ഗെയിം പദ്ധതി, പ്രായമായവരിലെ പോഷകാഹാരശീലം വർദ്ധിപ്പിക്കുന്നതിനായുള്ള മൈക്രോഗ്രീൻസ് പദ്ധതി, മുതിർന്ന പൗരന്മാർക്ക് അവരുടെ വീടുകളിലെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്തു നൽകുന്നതിനായുള്ള ഹോം മെയിൻറനൻസ് സേവനങ്ങൾ, വയോജനങ്ങൾക്ക് ആവശ്യമായ സൈക്കോളജിക്കൽ കൗൺസിലിംഗ്, ഹോം കൗൺസിലിംഗ്, വൈദ്യ സഹായം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള സല്ലാപം തുടങ്ങീ പദ്ധതികൾക്കും നഗര സഭ തുടക്കം കുറിച്ചു.

സജീവമായ വാർദ്ധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രായമായ പൗരന്മാർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള കൊച്ചിയുടെ പ്രതിബദ്ധത ലോകമെമ്പാടുമുള്ള നഗരങ്ങൾക്ക് പ്രചോദനമാകും. എല്ലാ പ്രായത്തിലുള്ളവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ഈ അംഗീകാരം കൊച്ചിയെ സഹായിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-06 11:38:43

ലേഖനം നമ്പർ: 1328

sitelisthead