അജൈവമാലിന്യ സംസ്‌കരണത്തിൽ ചരിത്രം സൃഷ്ടിച്ച്  ഹരിതകർമസേന. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ  വാതിൽപ്പടി ശേഖരത്തിലൂടെ 230 കോടി രൂപയാണ് ഹരിതകർമസേന വരുമാനം നേടിയത്.  'മാലിന്യമുക്ത നവകേരളം' രണ്ടാംഘട്ടത്തിന്റെ ഭാ​ഗമായി 4908 പുതിയ അംഗങ്ങളെക്കൂടി ചേർത്തതോടെ 19,489 വാർഡുകളിലായി  ഹരിതകർമ സേനാംഗങ്ങൾ 35,352 പേരായി. മിനി എം.സി.എഫുകളുടെ എണ്ണം 900-ത്തിൽ നിന്ന് 16,000-ത്തിലേറെയായി വർധിച്ചു. യൂസർഫീ ഇനത്തിലുള്ള വരുമാനം വർധിച്ചതോടെ ഭൂരിഭാഗം സ്ഥലങ്ങളിലും പ്രതിമാസ വരുമാനം 10,000-15,000 രൂപ വരെയെത്തി. സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമായി 86.97 ശതമാനം സ്ഥലങ്ങളിലും വാതിൽപ്പടി സേവനമെത്തുന്നുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ ആകെ 5578.33 ടൺ അജൈവ മാലിന്യമാണ് സേന ശേഖരിച്ചത്. കഴിഞ്ഞ വർഷം ഇത്  56 ശതമാനമായിരുന്നു.  929.39 ടൺ മാലിന്യം തിരുവനന്തപുരത്ത് നിന്നും 745 ടൺ മാലിന്യം കോഴിക്കോട് നിന്നുമാണ് ശേഖരിച്ചത്. അജൈവ മാലിന്യം ഏറ്റവും കുറവ് ശേഖരിച്ചിരിക്കുന്നത് കാസർഗോഡ് ജില്ലയിൽ(111.04) നിന്നാണ്. സാനിറ്ററി മാലിന്യം ഒഴികെയുള്ള അജൈവ വസ്തുക്കൾ ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള മിനി എം.സി.എഫ്., എം.സി.എഫ്., ആർ.ആർ.എഫ്. എന്നിവിടങ്ങളിലെത്തിച്ച് ഇവ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്കോ മറ്റ് ഏജൻസികൾക്കോ കൈമാറുകയാണ് ഹരിതകർമ സേന ചെയ്യുന്നത്.  ഇതിലൂടെ ലഭിക്കുന്ന തുകയും യൂസർഫീയുമാണ് അംഗങ്ങൾക്ക് വരുമാനമാകുന്നത്. ഗ്രാമപ്രദേശത്ത് ഒരംഗത്തിന് 4500 രൂപ മുതലും നഗരപ്രദേശത്ത് 12,000 രൂപ മുതലും വരുമാനം കണ്ടെത്താനാകും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നുള്ള പിന്തുണ കൂടി ലഭിക്കുന്നതോടെ മെച്ചപ്പെട്ട വരുമാനമാണ്  ഹരിതകർമസേനാംഗങ്ങൾക്ക് ലഭിക്കുന്നത്. ഇത് കൂടുതൽ പേരെ സേനയിലേക്ക് ആകർഷിക്കുന്നുണ്ട്.   

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-02 17:05:39

ലേഖനം നമ്പർ: 1324

sitelisthead