കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക് ' ക്യാമ്പയിന്‍ സ്ത്രീപങ്കാളിത്തം കൊണ്ട്  റെക്കോര്‍ഡ് നേട്ടത്തിലേക്ക്.ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പയിന്‍ എന്ന വിഭാഗത്തില്‍ തിരികെ സ്‌കൂളില്‍ ക്യാമ്പയിനു ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നി ലോകറെക്കോര്‍ഡുകള്‍ ലഭിച്ചു.2023 ഒക്ടോബര്‍ ഒന്നിനും 2023 ഡിസംബര്‍ 31നും ഇടയിലുളള പൊതു അവധിദിനങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 38,70,794 കുടുംബശ്രീ അംഗങ്ങളാണ്  പങ്കെടുത്തത്. കുടുംബശ്രീയുടെ കീഴില്‍ ആകെയുള്ള 3,14,810 അയല്‍ക്കൂട്ടങ്ങളില്‍ 3,11,758 അയല്‍ക്കൂട്ടങ്ങളും ക്യാമ്പയിനില്‍ പങ്കാളികളായി.

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ ക്യാമ്പയിനായിരുന്നു 'തിരികെ സ്‌കൂളില്‍'. വിജ്ഞാന സമ്പാദനത്തിന്റെ ഭാഗമായ ക്യാമ്പയ്‌നില്‍ 20000 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 1071 സി.ഡി.എസുകള്‍, 15,000 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കുടുംബശ്രീ സ്‌നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ അര കോടിയിലേറെ പേരാണ് പങ്കെടുത്തത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയുമായിരുന്നു  ക്യാമ്പയ്ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ക്യാമ്പയിന്റെ ലക്ഷ്യങ്ങളായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്.രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ് സമയം. സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവ ആയിരുന്നു പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കിയത് .പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് അധ്യാപകരായി എത്തിയത് . വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിപ്പോയ വിദ്യാലയ മുറ്റത്ത് 38,70,794  അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തി എന്നത് ക്യാമ്പയിന്റെ പ്രധാന ആകര്‍ഷണം ആയിരുന്നു. ഇത്രയും വിപുലമായ ഒരു തുടര്‍ വിദ്യാഭ്യാസ പദ്ധതി ലോക ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 1301

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo