പഴകിയ എണ്ണ സംഭരണത്തിലൂടെ ജൈവ ഡീസലും സോപ്പും നിർമിക്കുന്നത്തിനായി ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കിയ റിപർപ്പസ് കുക്കിങ് ഓയിൽ (റൂക്കോ) പദ്ധതി മികച്ച വിജയത്തിലേക്ക്. ഹോട്ടലുകളിലും തട്ടുകടകളിലും നിർമ്മാണ യൂണിറ്റുകളിലും ഉപയോഗ ശേഷമുള്ള എണ്ണ ശേഖരിച്ച് ജൈവ ഡീസലും സോപ്പും നിർമ്മിക്കാൻ ആവിഷ്കരിച്ച റൂക്കോ പദ്ധതിയുടെ ഭാഗമായി പ്രതിമാസം ശരാശരി 50,000 ലിറ്റർ എണ്ണ ശേഖരിക്കുന്നു. ഒന്നിലധികം തവണ ഉപയോഗിച്ച എണ്ണ ശേഖരിച്ച് ജൈവ ഡീസൽ നിർമിക്കുന്ന നാല് കമ്പനികളും സോപ്പ് നിർമിക്കുന്ന ഒരു കമ്പനിയും ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നു. കേരളത്തിൽനിന്ന് എണ്ണ ശേഖരിക്കുന്നതിന് ലൈസൻസ് ലഭിച്ചിട്ടുള്ള പുറത്ത് നിന്നുള്ള നാൽപതോളം ജൈവ ഡീസൽ കമ്പനികളും പദ്ധതിയുടെ ഭാഗമാകുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ അംഗീകാരമുള്ള ഈ കമ്പനികൾ ലിറ്ററിന് 40 മുതൽ 60 രൂപവരെ വിലയ്ക്കാണ് പഴയ എണ്ണ ശേഖരിക്കുന്നത്. കമ്പനി നൽകുന്ന പ്രത്യേക കാനിലാണ് ഹോട്ടലുകളും തട്ടുകടകളും എണ്ണ സൂക്ഷിക്കുക. പഴകിയ എണ്ണ പ്ലാന്റുകളിൽ മെഥനോൾ ചേർത്ത് ചൂടാക്കി വിവിധ ഘട്ടങ്ങളിലായി സംസ്കരിച്ച് ജൈവ ഡീസൽ നിർമിക്കും. ഈ ഡീസൽ ലിറ്ററിന് 85 രൂപക്കാണ് വിൽക്കുന്നത്. സാധാരണ ഡീസലിനേക്കാൾ 12 രൂപ കുറവും അന്തരീക്ഷ മലിനീകരണ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ വൻ ഡിമന്റുമാണ് ജൈവ ഡീസലിന്.
കാസർകോട്, കോഴിക്കോട്, തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് കേരളത്തിലെ ജൈവ ഡീസൽ നിർമാണ കമ്പനികൾ പ്രവർത്തിക്കുന്ന ത്. മലപ്പുറം കോട്ടക്കലാണ് സോപ്പ് നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഗുണനിലവാരം പരിശോധിച്ച് മറ്റ് എണ്ണകൾ ചേർത്താണ് സോപ്പ് നിർമിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് കൂടുതൽ പഴകിയ എണ്ണ ശേഖരിക്കപ്പെടുന്നത്. സംസ്ഥാനത്ത് മായം കലരാ ത്തതും ഗുണനിലവാരമുള്ളതു മായ ഭക്ഷ്യവിഭവങ്ങൾ വിൽപനക്കെത്തുന്നതിന് ഈ പദ്ധതി ഏറെ പ്രയോജനകരമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-27 16:26:41
ലേഖനം നമ്പർ: 1279