സംസ്ഥാനത്തിന്റെ  2018–19 മതൽ 2022–23 വരെയുള്ള സാമ്പത്തിക വർഷത്തെ വ്യവസായ വളർച്ചയും  സാമ്പത്തിക വികസനവും വിലയിരുത്തി  എംഎസ്എംഇ ഇപിസി (മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസസ്‌ എക്‌സ്‌പോർട്ട്‌ പ്രൊമോഷൻ കൗൺസിൽ) പഠന റിപ്പോർട്ട്. കോൺഫെഡറേഷൻ ഓഫ്‌ ഓർഗാനിക്‌ ഫുഡ്‌ പ്രൊഡ്യൂസേഴ്‌സ്‌ ആൻഡ്‌ മാർക്കറ്റിങ് എജൻസിയുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്  അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തേക്ക്‌ ആകർഷിച്ചത്‌ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ്.ഇതിൽ 33,815 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. ഇതുവഴി അഞ്ചുലക്ഷത്തിലേറെപ്പേർക്ക്‌ തൊഴിൽ ലഭ്യമായി . ‘കേരള നിക്ഷേപം - വളർച്ച, വികസനം - 2018 മുതൽ 23 വരെ’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ട് കേരളം കഴിഞ്ഞ വർഷം കൈവരിച്ച മാനുഫാക്ചറിങ്ങ് മേഖലയിലെ വളർച്ചയെ എടുത്തുകാണിക്കുന്നു . 
 
2021–-22ൽ സംസ്ഥാനം വ്യാവസായിക മേഖലയിൽ 17.3ഉം ഉൽപ്പാദനമേഖലയിൽ 18.9ഉം ശതമാനം വളർച്ച കൈവരിച്ചു. ഇത്‌ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്‌. ഈ നേട്ടങ്ങളിലൂടെ 12 ശതമാനത്തിനു മുകളിൽ സാമ്പത്തികവളർച്ച കൈവരിക്കാൻ സംസ്ഥാനത്തിനായി. 2018നും 23നും ഇടയിൽ 23,232 കോടിയുടെ സ്വകാര്യ നിക്ഷേപം പ്രഖ്യാപിച്ചു. ഇതിൽ 9590 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി.

നിലവിൽ മുന്നൂറോളം വൻകിട, ഇടത്തരം വ്യവസായങ്ങളും 1,66,000 ചെറുകിട വ്യവസായ യൂണിറ്റുകളും സംസ്ഥാനത്തുണ്ട്‌. സംരംഭക വർഷം പദ്ധതിയും സ്വകാര്യമേഖലയിൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ പരിശ്രമങ്ങളും വരുംവർഷങ്ങളിൽ കേരളത്തിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 2.8 ശതമാനവും ഭൂവിസ്‌തൃതിയുടെ 1.2 ശതമാനവുംമാത്രം ഉൾക്കൊള്ളുന്ന കേരളം രാജ്യത്തിന്റെ ജിഡിപിയുടെ നാലു ശതമാനത്തിലധികം സംഭാവന ചെയ്യുന്നുണ്ട്.   കേരളത്തിലേക്ക്‌ ആഭ്യന്തര തൊഴിൽ കുടിയേറ്റം കൂടുതൽ ശക്തമാവുന്നുണ്ട്. സംരംഭക വർഷം പദ്ധതിയും സ്വകാര്യമേഖലയിൽ നിക്ഷേപങ്ങളാകർഷിക്കാൻ കേരളം  നടത്തിയ നയങ്ങളും  വരും വർഷങ്ങളിലും കേരളത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.  വ്യവസായമേഖലയിൽ  വികസന മികവിലാണ് കേരളം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-19 14:14:20

ലേഖനം നമ്പർ: 1276

sitelisthead