സാന്ത്വന പരിചരണ രംഗത്ത് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ അഭിനന്ദനം.കേരളത്തിന്റേത് വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന ദക്ഷിണ പൂര്‍വേഷ്യന്‍ റീജിയണല്‍ വര്‍ക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ നിന്നും കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സംവിധാനം വീടുകളില്‍ സാന്ത്വന പരിചരണം നല്‍കുന്നതുള്‍പ്പെടെ വിവിധ ശൃംഖലകളിലൂടെ അതിവേഗം വളര്‍ന്നു.പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്സുമാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും ശക്തമായ ഊന്നല്‍ നല്‍കുന്നതാണ് കേരള മോഡല്‍.

ആവശ്യമായ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ള സാമൂഹികാധിഷ്ഠിതമായ സാന്ത്വന ഗൃഹ പരിചരണം ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ സാന്ത്വന പരിചരണ നയത്തിന്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.ഇന്ത്യയില്‍ മാത്രമല്ല വികസ്വരരാജ്യങ്ങളിലും കേരളം വിജയകരമായ ഒരു മാതൃകയായി അംഗീകരിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് സാന്ത്വന പരിചരണ രംഗത്ത് നടത്തി വരുന്നത്. ആര്‍ദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി വരുന്നു.

സംസ്ഥാനത്ത് സാമൂഹികാധിഷ്ഠിത ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കി. സര്‍ക്കാര്‍ മേഖലയില്‍ 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളാണുള്ളത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കന്ററി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കല്‍ കോളേജുകളിലും ആര്‍.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്. കേരളത്തില്‍ ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന കാമ്പയിനില്‍ വലിയ പൊതുജന പങ്കാളിത്തമാണ് ഉണ്ടായത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-02 12:21:40

ലേഖനം നമ്പർ: 1293

sitelisthead