മികച്ച ശിശു സൗഹൃദ സേവനങ്ങൾക്ക് സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച് ആശുപത്രിക്ക് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷൻ. 96 ശതമാനം സ്‌കോറോടെയാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് മുസ്‌കാൻ പദ്ധതിയുടെ ലക്ഷ്യം. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉൾപ്പെടെ കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്.എൻ.സി.യു.കൾ, എൻ.ബി.എസ്.യു.കൾ, പ്രസവാനന്തര വാർഡുകൾ, പീഡിയാട്രിക് ഒപിഡികൾ, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മികച്ച സൗകര്യങ്ങളൊരുക്കിയ 45 സർക്കാർ, സ്വകാര്യ ആശുപത്രികൾക്കാണ് ഇതുവരെ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമായത്. പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം വർധിപ്പിച്ചതിനാൽ 10 സർക്കാർ ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും കൂടാതെ മുഴുവൻ മെഡിക്കൽ കോളേജുകളിലും ജില്ലാ, താലൂക്കുതല ആശുപത്രികളിലും ശിശു സൗഹൃദ നയവും നടപ്പിലാക്കി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-11 12:02:22
ലേഖനം നമ്പർ: 1264