കേരളത്തിന്റെ വ്യാവസായിക വാണിജ്യ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴി വെയ്ക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പലെത്തി. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിൻ്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും.
തുറമുഖത്തിന്റെ നിർമാണാവശ്യങ്ങൾക്കുള്ള 3 വലിയ ക്രയിനുകളുമായാണ് ചൈനയിൽനിന്നുള്ള കപ്പൽ തുറമുഖത്തെത്തിയത്. രാജ്യത്തെ തുറമുഖങ്ങളിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ്പ് ടു ഫോർ ക്രെയിനുമായാണ് കപ്പൽ എത്തിയത് . കപ്പലിൽ നിന്ന് യാർഡിലേക്ക് കണ്ടെയ്നറുകൾ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയിൻ. രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാവുന്നതോടെ പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണൽ ശേഷിയിൽ സിംഗപ്പൂർ തുറമുഖത്തേക്കാൾ വലുതാണ് വിഴിഞ്ഞം തുറമുഖം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2015-ലാണ് നിർമാണം ആരംഭിച്ചത്. തുറമുഖത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ആദ്യഘട്ടത്തില്‍ ഒരേസമയം 2 കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് നങ്കൂരമിടാം. ഇന്ത്യയിലേക്ക് ആവശ്യമായ ചരക്കുകള്‍ വിഴിഞ്ഞം തുറമുഖം വഴിയാകും ഭാവിയിൽ കൈകാര്യം ചെയ്യുക. ഇവിടെനിന്ന് മറ്റ് തുറമുഖങ്ങളിലേക്ക് ചെറുകപ്പലുകളിലൂടെ ചരക്കുക്കള്‍ മാറ്റും. മറ്റ് രാജ്യങ്ങളിലെ മദര്‍പോര്‍ട്ടുകളെ ആശ്രയിക്കുന്നതുവഴി രാജ്യത്തിന് നഷ്ടപ്പെടുന്ന വിദേശനാണ്യം ലാഭിക്കാനാകും. മാത്രമല്ല ചരക്കുനീക്കത്തിനെടുക്കുന്ന സമയനഷ്ടം കുറയ്ക്കാനും സാധിക്കും. രാജ്യത്തെ കണ്ടെയ്‌നർ ട്രാൻഷിപ്മെന്റിന്റെ ഹബായി വിഴിഞ്ഞം മാറും.
20 അടിയോളം സ്വാഭാവിക ആഴമുള്ള വിഴിഞ്ഞത്ത് മദര്‍ ഷിപ്പുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ ആഴമുണ്ട്. പദ്ധതി പൂർണ തോതിൽ യാഥാര്‍ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം. 10 നോട്ടിക്കല്‍ മൈല്‍ അകലെമാത്രമാണ് അന്താരാഷ്ട്ര കപ്പല്‍പാത സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പല്‍പാതയുടെ സാമീപ്യം, തീരത്തുനിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലം വരെ 24 മീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവ തുറമുഖത്തിന്റെ സവിശേഷതകളാണ്. ആയിരക്കണക്കിന് കണ്ടെയ്നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. ഇന്ത്യയിലെ വമ്പന്‍ തുറമുഖങ്ങള്‍ പോലും മദര്‍ഷിപ്പുകള്‍ക്ക് യോജിച്ചവയല്ല. 14,000 മുതല്‍ 20,000 കണ്ടെയ്നറുകളാണ് മിക്ക മദര്‍ഷിപ്പുകളിലുമുള്ളത്. ഇങ്ങനെ ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ മുഴുവന്‍ സമീപമുള്ള മറ്റ് മദര്‍പോര്‍ട്ടുകളിലേക്കാണ് മാറ്റുക. കൊളംബോ, സലാല, സിങ്കപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഇത്തരം കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെനിന്ന് ചെറിയ കപ്പലുകളില്‍ കണ്ടെയ്നറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്.
വിഴിഞ്ഞത്ത് കണ്ടെയ്‌നർ ബർത്ത് നിർമാണം 73%, യാർഡ് ബർത്ത് നിർമാണം 34%, ബ്രേക്ക്‌വാട്ടർ നിർമാണം 53%, ഡ്രഡ്ജിങ് 65%, തുറമുഖ പ്രവർത്തനത്തിനാവശ്യമായ 39% കെട്ടിടങ്ങൾ എന്നിവ തയാറായി. ആദ്യഘട്ടത്തിൽ രണ്ട് വലിയ മദർഷിപ്പുകൾക്ക് ഒരേ സമയം ഇവിടെ നങ്കൂരമിടാനാകും. വിഴിഞ്ഞത്തെ ഒരു മാസ്റ്റർ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുവാനും ചെറുകിട തുറമുഖങ്ങളോടനുബന്ധിച്ചു പുതിയ വ്യവസായങ്ങൾ വികസിപ്പിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-10-19 18:36:02
ലേഖനം നമ്പർ: 1197