എറണാകുളം ജില്ലയിലെ പേരണ്ടൂർ പി ആൻഡ് ടി കോളനി നിവാസികൾക്ക് സുരക്ഷിത ഭവനങ്ങളൊരുക്കി ലൈഫ് മിഷൻ. കാലങ്ങളായി പേരണ്ടൂർ കനാൽ പുറംമ്പോക്കിൽ ജീവിച്ചിരുന്ന 83 കുടുംബങ്ങൾക്കാണ് വീടുകൾ നൽകുന്നത്. ജിസിഡിഎ( Greater Cochin Development Authority) സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോളനി നിവാസികൾക്കുള്ള ഫ്ലാറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. എറണാകുളം ജില്ലയിലെ മുണ്ടംവേലിയിൽ ജിസിഡിഎ ഉടമസ്ഥതയിലുള്ള 70 സെന്റോളം വരുന്ന ഭൂമിയിലാണ് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.നാലുനിലകളിലായി രണ്ടു ബ്ലോക്കുകളായി പ്രീ എഞ്ചിനീയേഡ് ബിൽഡിംഗ് സ്ട്രക്ചർ (PEB) രീതിയിലാണ് നിർമാണം.
ആകെ 83 ഭവന യൂണിറ്റുകളാണുള്ളത്. 375 ചതുരശ്രഅടി വിസ്തീർണമുള്ള ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ്റൂം, ഒരു ലിവിംഗ് കം ഡൈനിംഗ് റൂം, കിച്ചൻ, ടോയ്ലറ്റ് എന്നിവയുണ്ട്. ഇവ കൂടാതെ പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഡേ കെയർ, റീഡിങ് റൂം, സിക്ക് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മഴവെള്ള സംഭരണിയും കുടിവെള്ള സംഭരണ സംവിധാനം, അഗ്നിരക്ഷാ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ജൈവ മാലിന്യവും ദ്രവമാലിന്യവും സംസ്കരിക്കാനുള്ള പദ്ധതികളും ഒരുക്കും. 14.61 കോടി രൂപയുടെ പദ്ധതി ലൈഫ് മിഷൻ 9.03കോടി രൂപയും പിഎംഎവൈ 1.23 കോടി രൂപയും സിഎസ്എംഎൽ 4.86 കോടിരൂപയും നൽകിയാണ് പൂർത്തിയാക്കിയത്. 3,49,247 വീടുകളാണ് ഇതിനകം ലൈഫ് ഭവന പദ്ധതി വഴി കേരളത്തിൽ പൂർത്തിയാക്കിയത്. 1,16,653 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-04 10:53:19
ലേഖനം നമ്പർ: 1176