സുരക്ഷ സൗകര്യങ്ങളുള്ള തുറമുഖത്തിന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നൽകുന്ന ഐ.എസ്.പി.എസ്. (ഇന്റർനാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) സർട്ടിഫിക്കറ്റ് ബേപ്പൂർ തുറമുഖത്തിന്. വിദേശ കപ്പലുകൾ അടുപ്പിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനും ഐ.എസ്.പി.എസ്. സർട്ടിഫിക്കേഷൻ നിർബന്ധമാണ്. 5 വർഷമാണ് കാലാവധി. നിരീക്ഷണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കുന്ന കാമറകൾ, തുറമുഖ അതിർത്തി കമ്പിവേലിയിൽ സുരക്ഷിതമാക്കി, കരയിലും കടലിലും അതിക്രമിച്ചു കടക്കുന്ന ശിക്ഷാർഹമാണ് എന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ, തകർന്ന ചുറ്റുവേലി മാറ്റി സ്ഥാപിക്കൽ തുടങ്ങി ഐ.എസ്.പി.എസ്. കോഡ് പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ തുറമുഖത്ത് പൂർത്തിയാക്കി.
തുറമുഖ കവാടത്തിൽ എക്സ്റേ സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാൻ ഓട്ടോമാറ്റിക് റഡാർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാർഫിലും മറ്റും ആധുനിക വാർത്ത വിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചർ ഗേറ്റും പുനർ നിർമിക്കുകയും ചെയ്തു.
മർക്കന്റൈയിൽ ചട്ടപ്രകാരം ഐ.എസ്.പി.എസ്. കോഡിൽ ഉൾപ്പെടുന്ന തുറമുഖങ്ങളിൽ മാത്രമേ വിദേശ കപ്പലുകൾ അടുപ്പിക്കാൻ അനുമതിയുള്ള. കോഡ് ലഭിച്ചതോടെ വിദേശ കാർഗോ -പാസഞ്ചർ കപ്പലുകൾക്ക് ബേപ്പൂരിലേക്ക് നേരിട്ട് വരാൻ സാധിക്കും. വലിയ കപ്പലുകൾക്ക് ബേപ്പൂർ തീരത്ത് എത്തുന്നതിനായി ഡ്രഡ്ജിംഗ് പ്രവർത്തനം നടന്നുവരുന്നുണ്ട്.
ബേപ്പൂരിന് പുറമെ കൊല്ലത്തും, വിഴിഞ്ഞത്തും ഐ.എസ്.പി.എസ്. സർട്ടിഫിക്കറ്റ് ലഭ്യമായിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-31 13:59:17
ലേഖനം നമ്പർ: 1149