സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ മത്സ്യവിത്ത് (ഫിഷ് സീഡ്) ഉത്പാദനത്തില്‍ ഇരട്ടി വര്‍ധന. 2012-13 കാലഘട്ടത്തില്‍ 7.71 കോടി മത്സ്യവിത്താണ് കേരളത്തില്‍ ഉത്പാദിപ്പിച്ചതെങ്കില്‍ 2021-22 വര്‍ഷത്തില്‍ 15.78 കോടിയായി ഉത്പാദനം. കഴിഞ്ഞ വര്‍ഷം 9.22 കോടി ചെമ്മീന്‍ വിത്ത് ഉത്പാദിപ്പിച്ചപ്പോള്‍ സാധാരണ മത്സ്യവിത്ത് ഉത്പാദനം 6.55 കോടിയായിരുന്നുവെന്ന് ഫിഷറീസ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മത്സ്യവിത്തുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും വിപണനം, സംഭരണം എന്നിവ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി മത്സ്യവിത്ത് നിയമം അവതരിപ്പിച്ച 2014ന് ശേഷമാണ് ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായത്.
മത്സ്യവിത്ത് നിയമപ്രകാരം മത്സ്യവിത്ത് ഉത്പാദനം, മത്സ്യവിത്ത് വളര്‍ത്തല്‍, വിപണനം, കയറ്റുമതി, ഇറക്കുമതി, സംഭരണം എന്നിവയ്ക്കായി വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവര്‍ രജിസ്‌ട്രേഷനും ലൈസന്‍സും എടുത്തിരിക്കണം. മത്സ്യവിത്ത് ഹാച്ചറി, ഫാം, വിപണന കേന്ദ്രം എന്നിവിടങ്ങളില്‍ ആവശ്യമെന്ന് തോന്നുന്ന ഏത് സമയത്തും പരിശോധന നടത്താനും സാമ്പിളുകള്‍ ശേഖരിക്കാനും ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.
അഞ്ച് വര്‍ഷത്തിനിടെ ഉള്‍നാടന്‍ മത്സ്യ ഉത്പാദനത്തിലും വര്‍ധനവുണ്ട്. 2021-22 വര്‍ഷത്തില്‍ 2,25,428 മെട്രിക് ടണ്‍ മത്സ്യമാണ് ഉത്പാദിപ്പിച്ചത്. 2020-21ല്‍ ഇത് 2,24,495 മെട്രിക് ടണ്ണായിരുന്നു. സംസ്ഥാനത്ത് 113 ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളാണുള്ളത്.
ഡാറ്റകൾക്ക്: fisheries.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-11 10:54:10
ലേഖനം നമ്പർ: 1132