രാജ്യത്തെ സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ റാങ്ക് ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്)  2023 ലെ രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടികയിൽ കേരളത്തിൽ നിന്നുള്ള 4 സ്ഥാപനങ്ങൾ ഓവറോൾ നേട്ടത്തിൽ ആദ്യ നൂറിൽ ഇടം നേടി. ടീച്ചിംഗ്, ലേർണിംഗ്  & റിസോഴ്സ്, റിസർച്ച്  ആൻഡ് പ്രൊഫഷണൽ പ്രാക്ടീസ്, ഗ്രാജുവേഷൻ ഔട്ട്കംസ്, ഔട്ട് റീച് ആൻഡ് ഇൻക്ലൂസിവിറ്റി, പിയർ പെർസെപ്ഷൻ എന്നീ പരാമീറ്ററുകൾ വിശകലനം ചെയ്താണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ വിലയിരുത്തിയത്. കേരള സർവകലാശാല 47, മഹാത്മാഗാന്ധി സർവകലാശാല 52, എൻ.ഐ.ടി. കോഴിക്കോട് 54, കുസാറ്റ് 63 എന്നിങ്ങനെ റാങ്കുകൾ നേടി.

രാജ്യത്തെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ കേരള സർവകലാശാല 24, മഹാത്മാഗാന്ധി സർവകലാശാല 31, ശാസ്ത്ര സാങ്കേതിക സർവകലാശാല 37, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് 70 എന്നിങ്ങനെ സ്ഥാനങ്ങൾ നേടി.

ഇന്ത്യയിലെ മികച്ച കോളേജുകളുടെ പട്ടികയിൽ, കേരളത്തിൽ നിന്നുള്ള 14 കോളേജുകൾ ആദ്യ 100-ൽ ഇടം നേടി. 26-ാം സ്ഥാനത്തോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് പട്ടികയിൽ കേരളത്തിൽ നിന്നും മുന്നിലുള്ളത്. 

കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് സ്ഥാപനമായി കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 23-ാം റാങ്കും 48-ാം റാങ്കോടെ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയും 69-ാം റാങ്കോടെ പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും പട്ടികയിൽ ഇടം പിടിച്ചു.

ഫാർമസി സ്ഥാപനങ്ങളുടെ പട്ടികയിൽ ആദ്യ 100-ൽ പെരിന്തൽമണ്ണ അൽ-ഷിഫ കോളേജ് ഓഫ് ഫാർമസി 96-ാം റാങ്ക് നേടി. 

മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് 3-ാം റാങ്ക് നേടി. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 75-ാം സ്ഥാനത്തും കൊച്ചിയിലെ രാജഗിരി ബിസിനസ് സ്‌കൂൾ 83-ാം സ്ഥാനത്തുമാണ്. 

മികച്ച മെഡിക്കൽ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 10-ാം സ്ഥാനത്തെത്തി. 44-ാം റാങ്കോടെ തിരുവനന്തപുരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ സർക്കാർ മെഡിക്കൽ കോളേജായി. 

ഡന്റൽ കോളേജുകളുടെ വിഭാഗത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജ് 25-ാം സ്ഥാനത്തെത്തി. 

വാസ്തുവിദ്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 2-ാം സ്ഥാനവും തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് 17-ാം സ്ഥാനവും നേടി. 

കൃഷിയും അനുബന്ധ സ്ഥാപനങ്ങളെന്ന വിഭാഗത്തിൽ തൃശൂർ കാർഷിക സർവകലാശാല 15-ാം സ്ഥാനവും കുഫോസ് 25-ാം സ്ഥാനവും നേടി.

ഇന്നവേഷൻ റാങ്കിംഗിൽ കോഴിക്കോട് എൻ.ഐ.ടി. ബാൻഡ് 8 നേടി. 

കൂടുതൽ വായനയ്ക്ക്: nirfindia.org/2023/Ranking.html

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-08 12:57:16

ലേഖനം നമ്പർ: 1089

sitelisthead