വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന തീവ്രയജ്ഞ പരിപാടി ഫെബ്രുവരി 14 മുതല്‍ 28 വരെ നടക്കും.വയറിളക്കരോഗമുള്ള കുട്ടികള്‍ക്ക് ഒ.ആര്‍.എസ്., സിങ്ക് ഗുളികകള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുക, വയറിളക്കം മൂലമുള്ള ശിശുമരണം ഇല്ലാതാക്കുക, ഒ.ആര്‍.എസ്, സിങ്ക് ഗുളികകള്‍ എന്നിവ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ പക്ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍.

ആശാ പ്രവര്‍ത്തകര്‍ പക്ഷാചരണത്തിന്റെ ഭാഗമായി അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍. എസ്. എത്തിക്കുകയും അമ്മമാര്‍ക്ക് ബോധവത്ക്കരണം നല്‍കുകയും ചെയ്യും. കൂടാതെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരുടെ 4 മുതല്‍ 8 പേരടങ്ങുന്ന ഗ്രൂപ്പുകളെ ഒ.ആര്‍.എസ്. ലായിനി തയ്യാറാക്കാന്‍ പരിശീലിപ്പിക്കും. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആര്‍.എസ്., സിങ്ക് കോര്‍ണറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കും.കൈ കഴുകുന്നതിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്നതിനായി സ്‌കൂള്‍ അസംബ്ലിയില്‍ സന്ദേശം നല്‍കുക, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി കുട്ടികളെ പഠിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ കൈകഴുകുന്ന സ്ഥലത്ത് പതിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതുകൂടാതെ വിപുലമായ രീതിയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഈ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്നതാണ്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-02-2024

sitelisthead