സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്.
ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2020-ലെ പുരസ്‌കാരം ഡോ. ലിസി മോൾ ഫിലിപ്പ്, ഡോ. ശബ്‌ന. എസ് എന്നിവർ പങ്കിട്ടു. ദന്ത ശുചിത്വവും ആരോഗ്യവും എന്ന കൃതിക്കാണ് കോട്ടയം സ്വദേശിയായ ഡോ. ലിസി മോൾ ഫിലിപ്പ് അവാർഡിന് അർഹയായത്. കൊച്ചു മാ കഥകൾ എന്ന കൃതിക്കാണ് കണ്ണൂർ സ്വദേശിയായ ഡോ. ശബ്‌ന എസ് അവാർഡിന് അർഹയായത്.
ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള 2020-ലെ പുരസ്‌കാരത്തിന് സി. റഹിം അർഹനായി. അദ്ദേഹത്തിന്റെ സലിം അലി ഇന്ത്യൻ പക്ഷി ശാസ്ത്രത്തിന്റെ പിതാവ് എന്ന കൃതിക്കാണ്  അവാർഡ്. ആലപ്പുഴ മുതുകാട്ടുകര സ്വദേശിയാണ്.
ശാസ്ത്ര പത്ര പ്രവർത്തനത്തിനുള്ള 2020-ലെ  പുരസ്‌കാരത്തിന് ജിമ്മി ഫിലിപ്പ് അർഹനായി. ദീപികയിൽ പ്രസിദ്ധീകരിച്ച മരണവല വിരിച്ചു കാൻസർ എന്ന ലേഖനമാണ് അവാർഡിന് അർഹനാക്കിയത്.
ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനുള്ള പുരസ്‌കാരം ഡോ. വിവേക് പൂന്തിയിൽ, ഡോ.ഡെന്നി തോമസ് എന്നിവർ പങ്കിട്ടു. കോസ്മോസ് എന്ന കൃതിക്കാണ്  ഡോ വിവേക് പൂന്തിയിൽ അവാർഡിന് അർഹനായത്. വയനാട് സ്വദേശിയായ ഇദ്ദേഹം ജർമ്മനിയിൽ സയന്റിസ്റ്റാണ്. 21 ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ എന്ന കൃതിക്കാണ് ഡോ. ഡെന്നി തോമസ് അവാർഡിന് അർഹനായത്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ഓസ്‌ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്‌സിറ്റി മെൽബണിൽ അദ്ധ്യാപകനാണ്.  50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-12-2021

sitelisthead