ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവ കാഴ്ചകളും ഫലവും ഓൺലൈനിൽ ലഭ്യമാകും.‘KITE Ulsavam’ ആപ്പിലും, www.ulsavam.kite.kerala.gov.in ലും മത്സരഫലങ്ങൾക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങളും അവ തീരുന്ന സമയം ഉൾപ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെ ഓൺലൈൻ രൂപത്തിലാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകളുടെ അധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡി.ജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. കലോൽസവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ (www.schoolwiki.in) അപലോഡ് ചെയ്യും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്കൂൾ വിക്കിയിൽ ലഭിക്കും. മത്സര ഫലങ്ങൾക്കൊപ്പം വിവിധ വേദികളിൽ നടക്കുന്ന ഇനങ്ങൾ കൈറ്റ് വിക്ടേഴ്സിൽ തത്സമയം നൽകും. www.victers.kite.gov.in വഴിയും KITE VICTERS മൊബൈൽ ആപ് വഴിയും കാണാം. രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലും പ്രത്യേകം ലൈവുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2024