വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐടിഐകളില്‍ റഗുലര്‍ സ്‌കീമിലുള്ള 72 ട്രേഡുകളില്‍ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് 14 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഡ്രൈവര്‍ കം മെക്കാനിക് (എല്‍എംവി) ട്രേഡിലേക്ക് 18 വയസ്സ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്എസ്എല്‍സി ജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും തെരഞ്ഞെടുക്കാവുന്ന എന്‍ജീനിയറിങ്, നോണ്‍ എന്‍ജീനിയറിങ് ട്രേഡുകളുണ്ട്.
സാക്ഷരതാ മിഷന്‍ നടത്തുന്ന ലെവല്‍ എ സ്റ്റാന്‍ഡേഡ് 10 തുല്യതാപരീക്ഷ യോഗ്യതയായി പരിഗണിക്കും. മെട്രിക് ട്രേഡുകളില്‍ സിബിഎസ്ഇ/ ഐസിഎസ്ഇ പത്താം ക്ലാസ് സ്‌കൂള്‍തല പരീക്ഷ ജയിച്ചവരെയും നോണ്‍ മെട്രിക് ട്രേഡുകളില്‍ സിബിഎസ്ഇ പത്താം ക്ലാസ് സ്‌കൂള്‍ തല പരീക്ഷയില്‍ പങ്കെടുത്തവരെയും പരിഗണിക്കും. പ്രൈവറ്റായി എസ്എസ്എല്‍സി എഴുതി പരാജയപ്പെട്ടവര്‍ക്ക് അര്‍ഹതയില്ല.
അപേക്ഷാ ഫീസ് 100 രൂപ. ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം സമീപത്തെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐടിഐയില്‍ അസ്സല്‍ രേഖ പരിശോധന ജൂലൈ 18ന് മുന്‍പ് പൂര്‍ത്തിയാക്കണം. റാങ്ക് ലിസ്റ്റ് ജൂലൈ 22ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://itiadmissions.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-06-2023