പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ്  നടപ്പിലാക്കുന്ന ‘ലക്ഷ്യ’ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 01.04.2023 ൽ 20-36 വയസ്.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പരീശീലനാർഥികളെ തെരഞ്ഞെടുക്കുന്നത്. ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾ ആയ (വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർക്കായി നീക്കിവയ്ക്കും.

എഴുത്തുപരീക്ഷയും അഭിമുഖവും വിജയിക്കുന്നവർക്ക് അവരുടെ താൽപര്യ പ്രകാരം സ്ഥാപനം  തെരഞ്ഞെടുക്കാം. കോഴ്‌സ് ഫീ പരമാവധി ഒരു ലക്ഷം രൂപയാണ്. ഹോസ്റ്റൽ ഫീ, സ്റ്റൈപന്റ് പ്രതിമാസം 5000 + 1000 (പരമാവധി പത്ത് മാസം വരെ), പ്രിലിംസ് എഴുത്തുപരീക്ഷാ പരിശീലനം: 10,000 രൂപ, മെയിൻസ് എഴുത്തു പരീക്ഷാ പരിശീലനം: 10,000 രൂപ, ബുക്ക് കിറ്റ് അലവൻസ്: 5,000 രൂപ എന്നിങ്ങനെയും ലഭിക്കും.

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാസിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ഐ.സി.എസ്.ഇ.റ്റി.എസ്-ന്റെ വെബ്‌സൈറ്റായ www.icsets.org മുഖേന ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30നു വൈകിട്ട് അഞ്ചു മണി. നിലവിൽ ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതി മുഖേന പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471-2533272, 8547630004, 9446412579, www.icsets.org, icsets@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-04-2023

sitelisthead