മാനവരാശിയുടെ ക്ഷേമത്തിന് 'നാനോ സയൻസും നാനോ സാങ്കേതിക വിദ്യയും' പ്രതിപാദ്യ വിഷയമായി 35-ാമത് കേരള സയൻസ് കോൺഗ്രസ് ഫെബ്രുവരി 12ന് രാവിലെ 10ന് പീരുമേട്, കുട്ടിക്കാനം മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ നടക്കും. 
സംസ്ഥാനത്തിന്റെ വികസനത്തിന് നാനോ സയൻസിലെ ഗവേഷണങ്ങളും പ്രബന്ധങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ഗവേഷകരും സാങ്കേതിക വിദഗ്ധരും പങ്കുവെയ്ക്കുകയെന്നതാണ് സയൻസ് കോൺഗ്രസിന്റെ ലക്ഷ്യം. യുവഗവേഷകർക്കും സാങ്കേതിക വിദഗ്ധർക്കും അറിവ് പങ്കുവെക്കാൻ കോൺഗ്രസിൽ അവസരം ലഭിക്കും.

നാനോ സയൻസിന്റേയും നാനോ സാങ്കേതിക വിദ്യയുടെയും വളർച്ച പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, ഊർജം, ഗതാഗതം, വാർത്താവിനിമയം, പരിസ്ഥിതി സംരക്ഷണം എന്നീ രംഗങ്ങളിൽ വൻ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത നിലയിലേക്ക് വളർന്ന നാനോ സയൻസ് കൂടുതൽ ജനക്ഷേമമാക്കുന്നതിനുള്ള ശ്രമമാണ് സയൻസ് കോൺഗ്രസിലൂടെ ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ ഭാഗമായി ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഗവേഷണ കണ്ടെത്തലുകളുടെ പ്രദർശനം ഫെബ്രുവരി 10 മുതൽ 14 വരെ നടക്കും. 

കൃഷി-ഭക്ഷ്യോത്പാദനം, ബയോടെക്‌നോളജി, എൻജിനീയറിങ് ആന്റ് ടെക്‌നോളജി, പരിസ്ഥിതി വനം വന്യജീവി, മത്സ്യ-മൃഗ പരിപാലനം, പൊതുജനാരോഗ്യം, സ്ഥിതി വിവര ശാസ്ത്രം, ഊർജം, സാമൂഹ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും ബിരുദാനന്തര ഗവേഷണ വിദ്യാർഥികൾക്ക് ശാസ്ത്രജ്ഞരുമായി നേരിട്ടും ഓൺലൈനായും സംവദിക്കാനും അവസരം ലഭിക്കും.

ദേശീയ വിദ്യാർഥി കോൺഗ്രസിലെ സംസ്ഥാന വിജയികളുടെ പ്രബന്ധങ്ങളും സയൻസ് കോൺഗ്രസിൽ അവതരിപ്പിക്കും. ജില്ലയിലെ 7 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ഇതിൽ സംബന്ധിക്കാം. വിദ്യാർഥികളുടെ വിഭാഗത്തിലും ഗവേഷകരുടെ വിഭാഗത്തിലും മികച്ച പ്രബന്ധം അവതരിപ്പിക്കുന്നവർക്കും പോസ്റ്റർ തയ്യാറാക്കുന്നവർക്കും മെരിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും. ഇടുക്കിയിലെ പ്രാദേശിക പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിന് 15-25-വയസിനിടയിലുള്ളവർക്ക് അവസരം ലഭിക്കും. എറ്റവും മികച്ച പരിഹാരം നിർദേശിക്കുന്നവർക്ക് ക്യാഷ് അവാർഡും സമ്മാനവും ലഭിക്കും. അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ സയൻസ് കോൺഗ്രസിനു ശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണെങ്കിലും ഇംഗ്ലീഷിലോ മലയാളത്തിലോ പ്രബന്ധങ്ങൾ അവതരിപ്പിക്കാം. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്റ് എൻവയൺമെന്റ്, പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കുട്ടിക്കാനം മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സയൻസ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. https://kscste.kerala.gov.in ഇ-മെയിൽ: 35ksc2023@gmail.com, ഫോൺ: 04712548314.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2023

sitelisthead