മീസൽസ്, റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷൻ സമ്പൂർണമാക്കുന്നതിന് മേയ് 19 മുതൽ 31 വരെ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലാണ് പ്രത്യേക ക്യാമ്പയിൻ നടത്തുക. മറ്റ് 8 ജില്ലകളിൽ വാക്‌സിനേഷൻ കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ സ്ഥാപന തലത്തിലുള്ള ക്യാമ്പയിനും സംഘടിപ്പിക്കും.
ക്യാമ്പയിന്റെ ഭാഗമായി മീസൽസ്, റൂബെല്ല വാക്‌സിനേഷൻ ഡോസുകൾ എടുക്കാൻ വിട്ടുപോയ 5 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തി വാക്‌സിനേഷൻ നൽകും. ക്യാമ്പയിൻ ജില്ലകളിലേ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ച വാക്‌സിനേഷൻ സൗകര്യമൊരുക്കും. അതിഥി തൊഴിലാളികളുടെ മക്കൾക്കായി മൊബൈൽ വാക്‌സിനേഷൻ ബൂത്തുകളും സജ്ജമാക്കും. കൂടാതെ വാക്‌സിൻ മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്‌സിനുകൾ എടുക്കാൻ വിട്ടുപോയവർക്ക് അവകൂടി എടുക്കാൻ അവസരം നൽകും.
എന്താണ് മീസൽസ് റൂബെല്ല?
മണ്ണൻ എന്ന പേരിൽ നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന രോഗമാണ് മീസൽസ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എൻസെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസിൽസ്. മീസൽസ് പോലെ തന്നെ കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു രോഗമാണ് റുബെല്ല അഥവാ ജർമ്മൻ മീസൽസ്. ഇത് ഗർഭാവസ്ഥയിൽ പിടിപെട്ടാൽ ഗർഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗർഭമലസൽ, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേൾവി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയ വൈകല്യം എന്നിവയുണ്ടാക്കുന്നു.
എന്താണ് മീസൽസ് റൂബെല്ല വാക്സിൻ?
വളരെ പെട്ടന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗർഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതുമായ മാരക രോഗങ്ങളാണ് മീസൽസ്, റൂബെല്ല. എന്നാൽ ഒരു വാക്സിൻ കൊണ്ട് ഈ അസുഖങ്ങളെ ചെറുക്കാനാകും. കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളിൽ നൽകുന്ന രണ്ട് ഡോസ് മീസൽസ്, റൂബെല്ല വാക്‌സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവൻ രക്ഷിക്കാനും സാധിക്കും. കേരളത്തിൽ 92 ശതമാനം കുഞ്ഞുങ്ങൾ മീസൽസ്, റൂബെല്ല ആദ്യ ഡോസും, 87 ശതമാനം കുഞ്ഞുങ്ങൾ രണ്ടാം ഡോസും സ്വീകരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2025