63-ാമത് കേരള സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. ശിൽപ്പവും പാരിതോഷികവും നൽകും. ഓരോ അവാർഡിനും എൻട്രികൾ നൽകണം. റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രാഫ്, റൗണ്ട് അപ് തുടങ്ങിയവയ്ക്കുള്ള എൻട്രികൾക്ക് അതാത് ഇനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പേജ് മാത്രം സമർപ്പിച്ചാൽ മതി. സമഗ്ര കവറേജ്, ലേ ഔട്ട്, സപ്ലിമെന്റ് ( പ്രത്യേക പതിപ്പ്) എന്നീ ഇനങ്ങളിലെ എൻട്രികൾക്കൊപ്പം മുഴുവനോ, പ്രത്യേക ഭാഗമോ ഏതാണ് ഉദ്ദേശിക്കുന്നത് അത് അപേക്ഷയോടൊപ്പം ലഭ്യമാക്കണം.
അച്ചടി മാധ്യമം (മലയാളം) - മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോഗ്രാഫർ, മികച്ച സമഗ്ര കവറേജ്, മികച്ച കാർട്ടൂൺ
അച്ചടി മാധ്യമം (ഇംഗ്ലീഷ്) - മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോഗ്രാഫർ, മികച്ച സമഗ്ര കവറേജ്
ദൃശ്യമാധ്യമം - മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോ ഗ്രാഫർ, മികച്ച സമഗ്ര കവറേജ്
ഓൺലൈൻ മീഡിയ - മികച്ച സമഗ്ര കവറേജ്, ശ്രവ്യമാധ്യമം – മികച്ച കവറേജ് എന്നിവയാണ് അവാർഡിന് പരിഗണിക്കുന്ന ഇനങ്ങൾ.
പത്രകട്ടിംഗുകളും, ദൃശ്യമാദ്ധ്യമങ്ങളുടെ വീഡിയോ (പെൻ ഡ്രൈവിൽ), ഓൺലൈൻ സ്‌ക്രീൻഷോട്ട് പ്രിന്റുകൾ, ശ്രവ്യമാധ്യമങ്ങളുടെ ശബ്ദലേഖനം (പെൻ ഡ്രൈവിൽ) എന്നിവ സ്ഥാപന മേധാവികളുടെ ആമുഖ കത്തും ആയത് ചാനലിന്റെ സ്ലോട്ടുകളിൽ (സമയക്രമം ലഭ്യമാക്കണം) പ്രദർശിപ്പിച്ചുവെന്ന സാക്ഷ്യപത്രം സഹിതം ജനുവരി 25 ന് മുൻപ് തപാൽ മുഖേനയോ, നേരിട്ടോ മൂന്ന് കോപ്പി വീതം തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. അപേക്ഷയുടെ കവറിനുപുറത്ത് മാധ്യമ അവാർഡ് 2024-25, വിഭാഗം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. വിവരങ്ങൾക്ക് : പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജഗതി, തിരുവനന്തപുരം-695014 ഓഫീസ് ഫോൺ:0471-2325106 / 2324601,ഫാക്സ്: 0471-2324605,
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-01-2025