സപ്ലൈകോയുടെ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറുകൾ ഡിസംബർ 21 മുതൽ 30 വരെ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റ് സപ്ലൈകോ ക്രിസ്തുമസ് ഫെയർ ആയി പ്രവർത്തിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക്, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം സപ്ലൈകോ മേഖലാ ഓഫീസ് പരിസരം, എറണാകുളം എറണാകുളത്തപ്പൻ ഗ്രൗണ്ട്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിൽ  പ്രത്യേക ജില്ലാ ഫെയറുകളും സംഘടിപ്പിക്കും. 

ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നൽകും. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. മറ്റ് കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ്  ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ക്രിസ്തുമസിനോട് അനുബന്ധിച്ച്  നൽകും. 150ലധികം ഉൽപ്പന്നങ്ങൾക്കാണ് വൻ വിലക്കുറവും ഓഫറുകളും നൽകുന്നത്. 

ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്ലാഷ് സെയിൽ നടക്കും. സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10% വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-12-2024

sitelisthead