സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്ന്   യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ടവരും ബിരുദാനന്തര ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55% മാർക്ക്  നേടി രണ്ടാം വർഷ പഠനം നടത്തുന്നവരും ബിരുദാനന്തര ബിരുദം 55% മാർക്കോടെ പൂർത്തിയാക്കിയവർക്കുമാണ് പരിശീലത്തിന് അർഹത. 

ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിച്ചു കൊണ്ട് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.  ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ എ.പി.എൽ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെയും  പരിഗണിക്കും.

www.minoritywelfare.kerala.gov.in വകുപ്പ് വെബ്‌സൈറ്റിൽ തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്.  അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 23. വിവരങ്ങൾക്ക്  കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-12-2024

sitelisthead