സംസ്ഥാനത്ത് നാലുവർഷ ബിരുദം നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ കോളേജുകളുടെ പ്രവർത്തനസമയം സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. കോളേജുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ സമയത്തിനുള്ളിൽ ആറുമണിക്കൂർ പ്രവൃത്തിസമയം എങ്ങനെ വേണമെന്ന് കോളേജ് കൗൺസിലുകൾക്ക് തിരുമാനിക്കാമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ ഒരു മണിക്കൂർ ഉച്ചഭക്ഷണ ഇടവേള കൂടാതെ അധ്യാപകർ ആറുമണിക്കൂർ ക്യാമ്പസിലുണ്ടാകണം. ഒരു മണിക്കൂറിന്റെ അഞ്ചു സെഷനിലായാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ആവശ്യമെങ്കിൽ ഒരു മണിക്കൂർ അധികം ക്ലാസ് നടത്താം. നിലവിൽ 9.30 മുതൽ 3.30 വരെയാണ് ക്ലാസ്. മുൻകൂട്ടി പ്രഖ്യാപിക്കാത്ത അവധികൾക്ക് പകരം പ്രവൃത്തിദിനം ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ കലക്ടറോ സംസ്ഥാന സർക്കാരോ കോളേജോ അവധി പ്രഖ്യാപിച്ചാൽ പകരമായി സെമസ്റ്റർ അവസാനിക്കും മുമ്പ് ക്ലാസ് നടത്തണം. കോളേജ് ദുരിതാശ്വാസ ക്യാമ്പാക്കുക, തെരഞ്ഞെടുപ്പ് നടപടികൾക്കായി ഏറ്റെടുക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ദീർഘകാല അവധി പ്രഖ്യാപിക്കേണ്ടിവന്നാൽ ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉത്തരവിലുണ്ട്.ഉത്തരവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-09-2024