ശിശുക്കളുടെ പ്രീസ്‌കൂൾ വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തെ അങ്കണവാടികളെ ക്രിയാത്മകമായ സംവിധാനങ്ങളുടെ പിൻബലത്തോടെ സ്മാർട്ട് അങ്കണവാടികളാക്കുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ സ്വാധീനം ചെലുത്തുന്ന തരത്തിൽ വിശാലമായ ക്ലാസ്റൂം, അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം, ക്രിയേറ്റീവ് സോൺ, ആധുനിക അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഡൈനിങ് ഏരിയ, സ്റ്റോർ റൂം,പൂന്തോട്ടം, മുതിർന്നവർക്കും കുട്ടികൾക്കും വേവ്വേറെ ടോയ്ലറ്റ് സൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളാണ്  സ്മാർട്ട് അങ്കണവാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

അങ്കണവാടികളിൽ എത്തിച്ചേരുന്ന 6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ  മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കിയാണ് അങ്കണവാടി കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും മാറ്റങ്ങൾ വരുത്തിയത്.
നവജാതശിശുക്കളുടെ ആരോഗ്യനിരീക്ഷണം, പ്രീ സ്‌കൂൾ വിദ്യാഭ്യാസം, പോഷകാഹാരവിതരണം, ഗർഭിണികളുടെ ആരോഗ്യ പരിപാലനം തുടങ്ങി സ്ത്രീകളുടെയും ശിശുക്കളുടെയും വികാസത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് അങ്കണവാടികളിലൂടെ നടപ്പാക്കുന്നത്. 


അങ്കണവാടികൾക്ക് ഏകീകൃത മോഡൽ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് അങ്കണവാടി പദ്ധതി നടപ്പാക്കുന്നത്. സ്ഥലപരിമിതിയ്ക്ക് അനുസരിച്ച്  സ്മാർട്ട് അങ്കണവാടികൾക്ക് 10, 7.5, 5, 3, 1.25 സെന്റുകളുള്ള പ്ലോട്ടുകൾക്ക് അനുയോജ്യമായ പ്ലാനും നിർമ്മാണ ചെലവും നിശ്ചയിച്ചായിരുന്നു നിർമ്മാണം. സംസ്ഥാനത്ത് നിലവിൽ 189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി ലഭിച്ചു. ഇതിൽ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇത് കൂടാതെ 30 സ്മാർട്ട് അങ്കണവാടികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്. ഇതോടെ 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യമായി. ബാക്കിയുള്ള അങ്കണവാടികളുടെ നിർമ്മാണം പുരോഗമിക്കുന്നു. വനിതശിശുവികസന വകുപ്പ്, റീബിൽഡ് കേരള ഇനീഷ്യേറ്റീവ്  (ആർകെഐ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എ. ഫണ്ടുകൾ സംയുക്തമായി വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ സംസ്ഥാനത്ത് ഒരുക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-01-09 11:44:01

ലേഖനം നമ്പർ: 1608

sitelisthead