കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യസം നേടുന്നതിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ ഒബിസി വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയുമായി പിന്നാക്ക വിഭാഗ വികസന വകുപ്പ്. വിദ്യാർത്ഥികൾക്ക്  ആഗോള വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാകുന്നതിന് സാമ്പത്തിക പരിമിതികൾ തടസ്സമാകരുതെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.   

ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനും അവരുടെ അക്കാദമിക്, പ്രൊഫഷണൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. സംസ്ഥാനത്തിനകത്ത് നിന്ന് ഉന്നതവിദ്യാഭ്യാസത്തിനും പ്രതിഭ വികസനത്തിനും പിന്തുണ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് ഈ പദ്ധതി. 

ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ  മെഡിക്കൽ/എഞ്ചിനീയറിംഗ് /പ്യുവർ സയൻസ്/ അഗ്രികൾച്ചർ/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മന്റ്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പിജി/ പിഎച്ച്ഡി ) നടത്താം. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി പദ്ധതിയിൽ അപേക്ഷിക്കാം.

ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും യോഗ്യതയും 

1. അപേക്ഷകൻ/അപേക്ഷക കേരളീയനാകണം. 

2. അപേക്ഷകർ സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയായിരിക്കണം.  

3. ഓവർസീസ് സ്കോളർഷിപ്പിന് ഇ-ഗ്രാൻ്റ്സ് 3.0 പോർട്ടൽ മുഖേനയുള്ള ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിൽ സമർപ്പിക്കേണ്ടതില്ല. 

4. 60 ശതമാനം മാർക്കിൽ കുറയാതെ അല്ലെങ്കിൽ സമാന ഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം. ബിരുദം നേടിയിട്ടുള്ള വിഷയത്തിലോ അതുമായി ബന്ധപ്പെട്ട വിഷയത്തിലോ ഉപരിപഠനം നടത്തുന്നവരെ മാത്രമാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്. പിഎച്ച്ഡി കോഴ്സിന് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. 

5. വിദേശത്ത് ബിരുദാനന്തര ബിരുദം പഠിക്കുന്നവർ ബിരുദത്തിനു ശേഷം ബിരുദാനന്തര ബിരുദങ്ങളൊന്നും നേടിയിട്ടില്ല എന്നുള്ള നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യേണ്ടതാണ്.  

6. ബിരുദം/ ബിരുദാനന്തര ബിരുദം പൂർത്തീകരിച്ചതിൻ്റെ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത മാർക്ക് ലിസ്റ്റിൽ മാർക്കിന്റെ ശതമാനം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ശതമാനം രേഖപ്പെടുത്തിയ സാക്ഷ്യപത്രം കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണ്. 

7. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായം 01-08-2024 അടിസ്ഥാനത്തിൽ 40 വയസിൽ തഴെയായിരിക്കണം. 

8. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികമാകരുത്. 

9. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. 

10. ഒരേ രക്ഷാകർത്താക്കളുടെ ഒരു കുട്ടിക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. 

11. മുൻ വർഷങ്ങളിൽ അപേക്ഷകർ ഉൾപ്പെടുന്ന റേഷൻ കാർഡിലുള്ള മറ്റു സഹോദരങ്ങൾക്ക് ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കിൽ പുതിയ അപേക്ഷ സ്വീകരിക്കില്ല. 

12. സ്വന്തം ഉത്തരവാദിത്വത്തിൽ യൂണിവേഴ്സിറ്റിയിൽ അപേക്ഷകൻ/അപേക്ഷക അഡ്മിഷൻ നേടേണ്ടതാണ്. 

13. ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്സിറ്റികളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കു മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കൂ. യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. 

14. ആദ്യ 200 റാങ്കിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റികളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് പഠനം നടത്തുന്നവർക്ക് വിദേശ പഠന/ജീവിത ചെലവ് അടിസ്ഥാനമാക്കി പരമാവധി 10 ലക്ഷം രൂപയും, 201-600 വരെയുള്ള യൂണിവേഴ്സിറ്റി തിരഞ്ഞെടുത്ത് പഠനം നടത്തുന്നവർക്ക് വിദേശ പഠന/ജീവിത ചിലവിൻ്റെ 50 ശതമാനം, പരമാവധി 10 ലക്ഷം രൂപയും അർഹതയ്ക്ക് വിധേയമായി സ്കോളർഷിപ്പ് അനുവദിക്കുന്നതാണ്.

 15. സ്കോളർഷിപ്പിന് തെരഞ്ഞെടുത്തതിന് ശേഷം കോഴ്‌സ്, പഠന കേന്ദ്രം എന്നിവയിൽ മാറ്റം വരുത്താൻ പാടില്ല. 

16. സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ അത് അറിയിച്ചുകൊണ്ടുള്ള കത്തിന്റെ തീയതി മുതൽ ഒരു വർഷ കാലാവധിക്കുള്ളിൽ പ്രസ്തുത സ്ഥാപനത്തിൽ അഡ്മിഷൻ നേടി പഠനം ആരംഭിച്ചിരിക്കണം. അല്ലാത്തപക്ഷം സ്കോളർഷിപ്പ് റദ്ദ് ചെയ്യുന്നതാണ്. അതുമായി ബന്ധപ്പെട്ട് പിന്നീട് ലഭ്യമാകുന്ന അപേക്ഷകൾ യാതൊരു വിധത്തിലും പരിഗണിക്കുന്നതല്ല. 

17. തെരഞ്ഞടുക്കപ്പെടുന്ന അപേക്ഷകർ പദ്ധതിയുമായി ബന്ധപ്പെട്ട നിയമാവലിക്കുനുസൃതമായി കോഴ്സ് പൂർത്തീകരിച്ചുകൊള്ളാമെന്നും അല്ലാത്തപക്ഷം മുഴുവൻ സ്കോളർഷിപ്പ് തുകയും സർക്കാർ ചട്ട പ്രകാരം തിരിച്ചടച്ചു കൊള്ളാമെന്നുമുള്ള കരാറിൽ ഏർപ്പെടേണ്ടതാണ്. 

18. കോഴ്സുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയിൽ നിന്നോ മറ്റു സർക്കാർ/അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ സ്കോളർഷിപ്പോ ഫീസിളവോ മറ്റു തരത്തിലുള്ള ധനസഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത വിശദാംശങ്ങൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടത്. ഇത്തരത്തിൽ  സ്കോളർഷിപ്പ്/ധനസഹായം ലഭിക്കുന്നവർ തിരഞ്ഞടുക്കപ്പെട്ടാൽ ആയതു സംബന്ധിച്ച രേഖകളുടെ കൂടി അടിസ്ഥാനത്തിൽ വകുപ്പ് നിശ്ചയിക്കുന്ന തുക മാത്രമേ സ്കോളർഷിപ്പ് ആയി അനുവദിക്കുകയുള്ളു. 

19. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് ഫീ, മെയിൻ്റനൻസ് അലവൻസ് തുടങ്ങിയ ഇനങ്ങളിൽ മറ്റു സ്രോതസുകളിൽ നിന്നും ആനുകൂല്യം ലഭ്യമാകുന്നുവെങ്കിൽ പ്രസ്തുത തുക സർക്കാരിലേക്ക് തിരിച്ചടക്കേണ്ടതാണ്. 

20. അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ടി സ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലഭ്യമായ ഫണ്ടിൻ്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന നൽകികൊണ്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞടുക്കുന്നതാണ്. 

21. ഇനത്തിൽ ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ അർഹരായ അപേക്ഷകരുടെ എണ്ണം അധികമാകുന്ന പക്ഷം, ഇതിനകം ഒരു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിട്ടുള്ളതും വിദേശത്ത് മറ്റൊരു ബിരുദാന്തര ബിരുദ പഠനം നടത്തുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമായ അപേക്ഷകരെ ഒഴിവാക്കുന്നതിന് ടി സമിതിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

 22. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധമായ വിഷയങ്ങളിൽ പ്രസ്തുത സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-13 18:04:49

ലേഖനം നമ്പർ: 1522

sitelisthead