ക്യാൻസർ ചികിത്സയിലെ അതിനൂതന ചികിത്സാരീതിയായ കാർ ടി സെൽ തെറാപ്പി (CAR T Cell Therapy) വിജയകരമായി പൂർത്തീകരിച്ചു മലബാർ ക്യാൻസർ സെന്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റീസർച്ച്. കാൻസർ ബാധിതനായ ആളുടെ രോഗപ്രതിരോധ സംവിധാനത്തെ ജനിതകമായി പുനർനിർമിക്കുന്നതാണ് കാർ ടി സെൽ തെറാപ്പി. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച 19 വയസുകാരനാണ് ഈ ചികിത്സ നടത്തിയത്. ഈ അതിനൂതന ചികിത്സ സർക്കാർ തലത്തിൽ നടത്തുന്ന രാജ്യത്തെ രണ്ടാമത്തെ സെന്റർ എന്ന നേട്ടവും എംസിസി സ്വന്തമാക്കി. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ഏക കാർ ടി സെൽ കമ്പനി ആയ ഇമ്മുണോ ആക്ട് വഴിയാണ് കാർ ടി സെൽ ഉത്പാദിച്ചെടുത്തത്. സാധാരണ നിലയിൽ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതകപരിഷ്ക്കരണം 'പേഷ്യന്റ് അസ്സിസ്റ്റൻസ് പ്രോഗ്രം' വഴി 30 ലക്ഷം രൂപക്ക് ലഭ്യമാക്കി. വളരെ വേ​ഗം വികസിക്കുന്ന കാർ ടി സെൽ തെറാപ്പി മേഖലയിൽ ​ഗണ്യമായ സംഭാവനകൾ ഇനി നൽകാൻ മലബാർ ക്യാൻസർ സെന്ററിനും സാധിക്കും.

മനുഷ്യ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങളായ ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകൾ. ഇവയുടെ പ്രധാന പ്രവർത്തനം രോഗ പ്രതിരോധമാണ്. കാർ ടി സെൽ ചികിത്സാ രീതിയിൽ ഈ ലിംഫോസൈറ്റുകളെ രോഗിയിൽ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയിൽ വെച്ച് ജനിതക പരിഷ്‌കരണം നടത്തുന്നു.ജനിതകമാറ്റം വരുത്തി അവയെ ട്യൂമർ ആന്റിജനുകളെ ലക്ഷ്യം വച്ചുള്ള ആന്റിബോഡികൾ ഉപരിതലത്തിൽ പ്രകടിപ്പിക്കുന്ന തരത്തിലുള്ളതാക്കി മാറ്റുന്നു. ഇത്തരത്തിൽ മാറ്റം വരുത്തിയ കോശങ്ങൾ രോഗിയിൽ തിരികെ നൽകുന്നു. ഇത് ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും നിശ്ചിതമായ ടാർഗെറ്റ്ഡ് തെറാപ്പികളിൽ ഒന്നാണിത്.

ഈ അത്യാധുനിക ചികിത്സയ്ക്ക് സവിശേഷതകളേറെയാണ്. ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാതെ കാർ ടി സെല്ലുകൾ പ്രത്യേകമായി ക്യാൻസർ കോശങ്ങളെ ലക്ഷ്യമിടുന്നു. മാറാത്ത രക്താർബുദങ്ങൾക്ക് മികച്ച ചികിത്സ നൽകാനാകും. പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി എന്നിവയിൽ നിന്ന് വ്യത്യസ്തമായി കാർ ടി സെൽ തെറാപ്പി സാധാരണയായി ഒറ്റത്തവണ ചികിത്സയാണ്. പരമ്പരാഗത കാൻസർ ചികിത്സകളെ അപേക്ഷിച്ച് കാർ ടി സെൽ തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. രോഗ ലക്ഷണങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കാർ ടി സെൽ തെറാപ്പിക്ക് കഴിയും. കാർ ടി സെൽ തെറാപ്പിയുടെ ആശുപത്രിവാസ സമയം താരതമ്യേന കുറവാണ്. ആശുപത്രി വാസമില്ലാതെയും ഇത് നൽകാൻ സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-09 15:54:05

ലേഖനം നമ്പർ: 1477

sitelisthead