നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം. 99 ശതമാനം സ്‌കോര്‍ നേടിയാണ് കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഒ.പി, ലാബ്, ദേശീയ ആരോഗ്യപരിപാടി, പൊതുഭരണം, അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന സേവനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൽ, ശുചിത്വം, രോഗീസൗഹൃദം തുടങ്ങിയവയിൽ അനുകരണീയ മാതൃക ഒരുക്കിയാണ് കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം നേട്ടം കരസ്ഥമാക്കിയത് .ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം,രോഗികൾക്ക് ആവശ്യമായ വിശ്രമസ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട് .
സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്‌സ്, ഇൻപുട്‌സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കണ്ട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്.
ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള കർമ്മ പദ്ധതി നടപ്പിലാക്കി വരുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയിട്ടുണ്ട്. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 നഗര കുടുംബാരോഗ്യ കേന്ദ്രം, 116 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-29 15:44:39
ലേഖനം നമ്പർ: 1435