യുനസ്കോ പുറത്തിറക്കിയ ആഗോള വിദ്യാഭ്യാസ നിരീക്ഷണ റിപ്പോർട്ടിൽ സ്‌കൂൾ വിക്കിക്ക് പ്രത്യക പരാമർശം. കേരളത്തിലെ 15,000-ത്തിൽ അധികം സ്‌കൂളുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിദ്യാലയ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. സർക്കാർ, എയ്‌ഡഡ്‌, സ്വകാര്യ സ്‌കൂളുകൾ സ്‌കൂൾ വിക്കിയിൽ അംഗങ്ങളാണ്. സ്വതന്ത്ര വിജ്ഞാനത്തിന് പ്രാധാന്യം നൽകി ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയുടെ സോഫ്ട്‍വെയർ ഉപയോഗിച്ചാണ് സ്‌കൂൾവിക്കി പ്രവർത്തിക്കുന്നത്. നിലവിൽ 1,56,262 ലേഖനങ്ങളുണ്ട് സ്‌കൂൾ വിക്കിയിൽ. വിക്കിപീഡിയ സോഫ്ട്‍വെയർ എങ്ങനെ വിദ്യാഭ്യാസത്തിൽ പ്രയോജനപ്പെടുത്താമെന്നതിന്റെ മികച്ച ഉദാഹരണമായാണ് സ്‌കൂൾ വിക്കിയെ റിപ്പോർട്ട് പരാമർശിച്ചിട്ടുള്ളത്. വിദ്യാർഥികളുടെ സർഗാത്മകസൃഷ്ടികളും അധ്യാപകർ തയാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി ഐടി@സ്‌കൂൾന്റെ നേതൃത്വത്തിൽ കൈറ്റാണ് സ്‌കൂൾ വിക്കി തയാറാക്കിയിട്ടുള്ളത്. 

പൂർവ വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ, ഭൗതികസൗകര്യങ്ങൾ, ക്ലബുകൾ, ക്ലാസ് മാഗസിനുകൾ, സ്‌കൂളുകൾ തയാറാക്കുന്ന കൈയെഴുത്തുമാസികകൾ, പ്രാദേശിക പത്രങ്ങൾ, പ്രാദേശിക ചരിത്രം, നാടോടി വിജ്ഞാനകോശം, ഓരോ വിദ്യാർഥിയും ചെയ്യുന്ന പഠന പ്രോജക്ടുകൾ എന്നിവ ഉൾപ്പെടെ ഓരോ വിദ്യാലയങ്ങളെക്കുറിച്ചുമുള്ള പരമാവധി വിവരങ്ങളാണ് സ്‌കൂൾവിക്കിയിൽ ചേർത്ത് വരുന്നത്. 

കേരളം പിന്തുടരുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയർ നയത്തെയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേരളത്തിലെ സ്കൂളുകളിൽ ഉപയോഗിക്കുന്ന 20 ലക്ഷത്തിലധികം കംപ്യൂട്ടറുകൾ സ്വതന്ത്ര, ഓപ്പൺ സോഴ്സ് സോഫ്റ്റ്‍വെയർ ആണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

2021-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ 50% സ്കൂളുകൾ മാത്രമേ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഗ്രാമങ്ങളിൽ ഇത് 20% മാത്രമാണ്. ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റ് ലഭ്യതയിൽ പഞ്ചാബും  യൂണിയൻ ഭരണ പ്രദേശങ്ങളായ പുതുച്ചേരിയും ചണ്ഡിഗഡുമാണ് കേരളത്തിനു മുൻപിലുള്ളത്. കേരളത്തിൽ 80%ത്തിനും 90%ത്തിനും ഇടയിലാണ് ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റ് കണക്ടിവിറ്റിയെന്നാണ് റിപ്പോർട്ട് പറയുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-14 15:03:51

ലേഖനം നമ്പർ: 1183

sitelisthead