കേരളം ദരിദ്രര്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. 2015-16ല്‍ കേരളത്തില്‍ ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കില്‍ 2019-21ല്‍ ഇത് 0.55 ശതമാനമായി താഴ്ന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. എറണാകുളം ജില്ലയില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം ദരിദ്രര്‍ തീരെയില്ല. വയനാട് ജില്ലയില്‍ ജനസംഖ്യയുടെ 2.82 ശതമാനം പേര്‍ ദരിദ്രരാണ്.
പോഷകാഹാര ലഭ്യത, മാതൃ-ശിശുമരണ നിരക്ക്, മാതൃ ആരോഗ്യം എന്നിവയാണ് ആരോഗ്യമേഖലാ പഠനത്തിന്റെ പ്രധാന മാനദണ്ഡങ്ങള്‍. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്ന വര്‍ഷങ്ങളുടെ ശരാശരി, സ്‌കൂള്‍ ഹാജര്‍ നിലവാരം എന്നിവയാണ് വിദ്യാഭ്യാസ മേഖലാ മാനദണ്ഡം. പാചക ഇന്ധനം, കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടം, വൈദ്യുതി, ആസ്തി, ബാങ്ക് അക്കൗണ്ട് എന്നീ മേഖലകളിലെ സ്ഥിതിയാണ് ജീവിതനിലവാരം തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചത്. 4-5 ദേശീയ കുടുംബാരോഗ്യ സര്‍വേകളെ ആശ്രയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആഹാര ലഭ്യത എന്നതില്‍ നിന്ന് വ്യത്യസ്തമായി വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, സേവന ലഭ്യത, അടിസ്ഥാന സൗകര്യങ്ങള്‍, അടിസ്ഥാന വേതനം, തൊഴില്‍ശേഷി എന്നിവയൊക്കെ ദാരിദ്ര്യം കണക്കാക്കുന്ന സൂചകങ്ങളായി മാറി. 5 വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.
ഭൂപരിഷ്‌കരണം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും വ്യാപനം, വികേന്ദ്രീകൃതാസൂത്രണം, പെന്‍ഷന്‍ പദ്ധതികള്‍, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, നവകേരളം കര്‍മ്മപദ്ധതി എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേരളത്തിലെ ഗ്രാമ-നഗര പ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുന്നതില്‍ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്.സമൂഹത്തിലെ അതിദരിദ്രരരെ കണ്ടെത്തി അതിജീവന പദ്ധതികള്‍ തയ്യാറാക്കുന്നതിനായുള്ള പ്രത്യേക ക്യാമ്പയിന്‍ 2021 മുതല്‍ നടന്നുവരുകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-21 17:40:50
ലേഖനം നമ്പർ: 1140