ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങളിൽ നിന്നും കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസനവകുപ്പിന്റെയും മിൽമയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.
ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ പരിരക്ഷ ലഭിക്കുന്നു. ആരോഗ്യ സുരക്ഷ പദ്ധതിയിൽ 80 വയസ് വരെയുള്ള ക്ഷീരകർഷകർക്ക് യാതൊരു ആരോഗ്യ പരിശോധനകളും കൂടാതെ അംഗങ്ങളാകാവുന്നതും 2 ലക്ഷം രൂപയുടെ പരിരക്ഷയും, നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും. 10 % Co- pay ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയിൽ എൻറോൾ ചെയ്യുന്ന കർഷകരുടെ ക്ലെയിം തുകയുടെ 90% ഇൻഷുറൻസ് കമ്പനിയും 10% കർഷകരും വഹിക്കുന്നു.
അപകടസുരക്ഷ പദ്ധതിയിൽ അപകടമരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാൽ 7 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നു. 18 വയസ്സ് മുതൽ 60 വയസ് വരെയുള്ളവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ അംഗങ്ങളാകാവുന്നതും സ്വാഭാവിക മരണം സംഭവിച്ചാൽ 1 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നതുമാണ്.
ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് ആരോഗ്യാസുരക്ഷാപദ്ധതിയിൽ 50 % സബ്സിഡി ലഭിക്കുന്നതാണ്. ക്ഷേമനിധി അംഗങ്ങളല്ലാത്ത ക്ഷീരകർഷകർക്കും ക്ഷീരസഹകരണ സംഘം ജീവനക്കാർക്കും മുഴുവൻ പ്രീമിയം തുകയും അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം.വിവരങ്ങൾക്ക് തൊട്ടടുത്ത ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡുമായോ ബന്ധപ്പെടാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-12-2025