സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ, ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈൻ പാലിക്കേണ്ടതും കുടുംബാംഗങ്ങൾ, പൊതുജനങ്ങൾ, എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്ന സമയത്ത് ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ അറിയിക്കണം.
രോഗലക്ഷണങ്ങൾ: വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന കാലയളവായ ഇൻകുബേഷൻ പിരീഡ് നാലു മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെ ആകാം. പനിയോടൊപ്പം തലവേദന, ചർദ്ദി, ജന്നി, പരസ്പര വിരുദ്ധമായി സംസാരിക്കുക, ചുമ, ശ്വാസ തടസ്സം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതിൽ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ സമയം കഴിയും തോറും വർദ്ധിച്ചു വരാം എന്നതും രോഗ തീവ്രത വർദ്ധിപ്പിക്കുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യത വർദ്ധിച്ചേക്കാം എന്നതും നിപ്പ രോഗത്തിന്റെ പ്രത്യേകതയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വവ്വാലുകളിൽ നിന്നും നേരിട്ടോ അല്ലാതെ വവ്വാൽ കടിച്ച പഴങ്ങൾ, വവ്വാലുകളിൽ നിന്ന് അണുബാധ ഉണ്ടായ മറ്റു മൃഗങ്ങൾ തുടങ്ങിയവയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് ബാധിച്ച ആൾക്ക് രോഗലക്ഷണം പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക്സ മ്പർക്കത്തിലൂടെ രോഗം പകർത്താൻ കഴിയും. ലക്ഷണം ഉള്ളവരുമായി അടുത്ത സമ്പർക്കമുള്ളവരിലേക്ക് ശരീര ദ്രവത്തിലൂടെയാണ് പകരുന്നത്. നിപ ബാധിത ഇടങ്ങളിൽ പനിയുടെ ലക്ഷണങ്ങൾ ഉളളവരും പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക. രോഗിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന സമയത്ത് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിൽ അറിയിക്കണം. ഇവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്.
മുൻകരുതലുകൾ: മറ്റുള്ളവരും ആയി ഇടപഴകുന്ന സമയത്ത് കൃത്യമായി,മാസ്‌ക് ഉപയോഗിക്കുക,സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടക്ക് കൈകൾ സോപ്പും വെള്ളവും,ഉപയോഗിച്ച് നന്നായി കഴുകുയോ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ ചെയ്യേണ്ടതാണ്, രോഗലക്ഷണങ്ങൾ ഉള്ളവരും അവരുമായി ബന്ധപ്പെടുന്നവരും കുടുംബാംഗങ്ങളും മാസ്ക് ധരിക്കേണ്ടതാണ്.
കൺട്രോൾ സെൽ നമ്പർ
കോഴിക്കോട് : 0495 237 3903
പാലക്കാട് :0491 2504002
മലപ്പുറം :0483 2735010 ,0483 2735020
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2025