ക്ഷേത്രങ്ങളിൽ ഉത്സവസമയങ്ങളിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്.
1 പൊങ്കാല ഉള്ളപക്ഷം വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനുകൾക്കടിയിലും പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കുക.
2 ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുതി വയറുകൾ, സ്വിച്ചുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഗുണനിലവാരം ഉള്ളവ മാത്രം ഉപയോഗിക്കുക.
3 ഉത്സവ വേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുതി ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖാന്തിരം നടത്തി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങണം.
4 വഴിയരികിൽ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കുക.
5 ഗേറ്റുകൾ. ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ കൂടി ദീപാലങ്കാരങ്ങൾ ചെയ്യരുത്.
6 വൈദ്യുതി ലൈനിനു സമീപത്തായി ബാനറുകൾ, പരസ്യബോർഡുകൾ മുതലായവ സ്ഥാപിക്കാതിരിക്കുക.
7 ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടി യോജിപ്പിച്ചതോ ആയ വയറുകൾ വയറിംഗിനായി ഉപയോഗിക്കാതിരിക്കുക.
8 വൈദ്യുതി ലൈനുകൾക്ക് സമീപത്തുകൂടിയോ അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകൾ അലക്ഷ്യമായി എടുക്കുകയോ, എറിയുകയോ ചെയ്യാതിരിക്കുക.
9 താത്കാലിക വൈദ്യുതി പ്രതിഷ്ഠാപനങ്ങളിൽ ഗുണമേന്മയുള്ള ഇ.എൽ.സി.ബി. (30 എം എ) സ്ഥാപിക്കുക.
10 വിളക്കുകെട്ടിനു മുളം തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കയ്യിൽ വഹിച്ചു കൊണ്ടുപോകുന്നത് ഒഴിവാക്കുക.
11 വളരെ ഉയരമുള്ളതും വലിപ്പമുള്ളതുമായ ഫ്‌ളോട്ടുകൾ വാഹനത്തിൽ കൊണ്ടുപോകാതിരിക്കുക.
12 ഫ്‌ളോട്ടുകൾ വൈദ്യുതി ലൈനിനു സമീപം വരുമ്പോൾ ലൈനുകൾ സ്വയം ഉയർത്താൻ ശ്രമിക്കാതിരിക്കുക.
13 വൈദ്യുതി പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാതിരിക്കുക.
14 അനധികൃതമായ വയറിംഗ് നടത്താതിരിക്കുക.
15 തുടർച്ചയായ വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് ഗുണനിലവാരമുള്ള പ്ലഗ്ഗുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കുക.
16 കെട്ടുകാഴ്ചകൾ കെ എസ് ഇ ബി എൽ നിശ്ചയിച്ചിട്ടുള്ള ഉയരത്തിലും വലിപ്പത്തിലും നിർമിക്കാൻ ശ്രദ്ധിക്കണം. കൂടാതെ കെട്ടുകാഴ്ചകൾ കടന്നുപോകുന്ന വിവരം അതത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ മുൻകൂറായി അറിയിക്കണം.
വേനൽക്കാല വൈദ്യുത സുരക്ഷയ്ക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നിർദ്ദേശങ്ങൾ
വേനൽക്കാലത്തെ വൈദ്യുതി അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
1 വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി/ ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
2 തീപിടിക്കുന്നതോ തീപിടിക്കാൻ സഹായിക്കുന്നതോ ആയ വസ്തുക്കൾ വൈദ്യുതി ഉപകരണങ്ങളുടെ സമീപം വയ്ക്കാതിരിക്കുക.
3 ട്രാൻസ്ഫോമറുകൾക്ക് സമീപത്തുനിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിക്കുക.
4 ട്രാൻസ്ഫോമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ അനധികൃതമായി കടന്നുകയറുകയോ ചെയ്യാതിരിക്കുക.
5 ട്രാൻസ്ഫോമറുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക.
6 വൈദ്യുതി ലൈനിന് കീഴിലായി ചവറുകൾക്ക് തീയിടാതിരിക്കുക.
7 എയർ കണ്ടീഷണർ, കംപ്രസർ എന്നിവ കൺട്രോൾ ചെയ്യുന്ന എം.സി.ബി/ ഇ.എൽ.സി.ബി എന്നിവ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കുക.
8 എ.സി യൂണിറ്റുകളുടെ ആനുവൽ മെയിന്റനൻസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-04-2025