എസ്.എസ്.എൽ.സി പരീക്ഷ
എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 3 മുതൽ 26 വരെയുള്ള തീയതികളിൽ എസ്.എസ്.എൽ.സി പരീക്ഷ നടത്തും. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തും. ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ ഐ.റ്റി മോഡൽ പരീക്ഷയും ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ.റ്റി പൊതു പരീക്ഷയും നടത്തും. ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം 72 ക്യാമ്പുകളിലായി പൂർത്തീകരിക്കും. മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. മെയ് മൂന്നാം മൂന്നാം വാരത്തിനുള്ളിൽ പരീക്ഷ ഫലം പ്രഖാപിക്കും.
ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷ
ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെ നടത്തും.ഹയർ സെക്കന്ററി രണ്ടാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെ നടത്തും. 2024 ൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയോടൊപ്പം അതേ ടൈം ടേബിളിലാണ്.
ഏപ്രിൽ 11 ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് ആദ്യം ആരംഭിക്കുന്നത്.അതിനു ശേഷം രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും തുടർന്ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും നടക്കും.
വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ
ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെ നടക്കും. രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെ നടക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷമായിരിക്കും നടക്കുക.
ഒന്നു മുതൽ ഒൻപത് വരെയുളള വാർഷിക പരീക്ഷ
എച്ച്.എസ്. അറ്റാച്ച്ഡ് എൽ.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ നടത്തും. എച്ച്.എസ്. അറ്റാച്ച്ഡ് യു.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെ നടത്തും. ഹൈസ്‌കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെ നടത്തും. ഒമ്പതാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 27 വരെ നടത്തും.
ഭിന്നശേഷി വിഭാഗം
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിവിധ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പരീക്ഷാർത്ഥികൾക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ
സ്‌ക്രൈബിന്റെ സേവനം, ഇന്റർപ്രെട്ടറുടെ സേവനം, അധിക സമയം, ഗ്രാഫ്, ഡയഗ്രം എന്നിവ ഉൾപ്പെടുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിവാക്കൽ, എഴുതി നേടുന്ന മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് നൽകൽ തുടങ്ങിയ വിവിധ പരീക്ഷാ ആനുകൂല്യങ്ങൾ ലഭിക്കും. 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 21 ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട 26,518 പരീക്ഷാർത്ഥികൾക്ക് സേവനം ലഭിച്ചു.
കാഴ്ചവൈകല്യം ,ലോ വിഷൻ , ലെപ്രസി ക്യൂവേർഡ്,ശ്രവണ വൈകല്യം ,ലോകോ-മോട്ടോർ ഡിസബിലിറ്റി ,ഡ്വാർഫിസം , ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ ,മെന്റൽ ഇൽനസ്സ് ,ഓട്ടിസം ,മസ്തിഷ്‌ക സംബന്ധമായ വൈകല്യം ,മസ്‌കുലർ ഡിസ്‌ട്രോഫി ,ക്രോണിക് ന്യൂറോളജിക്കൽ കണ്ടീഷൻസ് ,പഠനവൈകല്യം ,മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് ,സ്പീച്ച് ആന്റ് ലാങ്ക്വേജ് ഡിസബിലിറ്റി ,തലാസ്സീമിയ ,ഹീമോഫീലിയ ,സിക്കിൾസെൽ ഡിസീസ് ,മൾട്ടിപ്പിൾ ഡിസബിലിറ്റീസ് ഇൻക്ലൂഡിംഗ് ഡെഫ് ബ്ലൈൻഡ്നെസ്സ് ,ആസിഡ് അറ്റാക്ക് വിക്ടിം ,പാർക്കിൻസൺസ് ഡിസീസ് എന്നിവയാണ് വിഭാഗങ്ങൾ.
അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്‌ക്രൈബിനെ അനുവദിച്ചു നൽകുന്നതിനുള്ള ഉത്തരവ് അതാത് മേഖലാ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഓഫീസിൽ നിന്നും നൽകും. പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതാത് ഡി.ഇ.ഒ ഓഫീസിൽ നിന്നും സ്‌ക്രൈബിനെ വിദ്യാർത്ഥികൾക്ക് ഏർപ്പാടാക്കി നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2024