1. കേരള വനം വകുപ്പ് (KFD)

കേരളത്തിലെ വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും പരിപാലനത്തിനും ഉത്തരവാദിത്തമുള്ള പ്രാഥമിക ഏജൻസിയാണ് കേരള വനം വകുപ്പ്.  വനം വകുപ്പിൻ്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്:

വനസംരക്ഷണം: സംസ്ഥാനത്തിൻ്റെ വനവിഭവങ്ങൾ സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

വന്യജീവി സംരക്ഷണം: വന്യജീവികളെയും അവയുടെ ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുന്നതിനുള്ള പരിപാടികളും നയങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

വനവൽക്കരണം: വൃക്ഷത്തൈ നടീലും വനങ്ങളുടെ പുനരുജ്ജീവന പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക.

പരിസ്ഥിതി വികസനം: സുസ്ഥിര വനപരിപാലന രീതികളിൽ പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തുക.

2. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB)

സംസ്ഥാനത്തെ മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് 1974-ൽ രൂപീകൃതമായ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി). വായു, ജലം, മണ്ണ് എന്നിവയുടെ ഗുണനിലവാരം നിരീക്ഷിക്കൽ, മലിനീകരണം നിയന്ത്രിക്കുന്നതിനായുള്ള പരിസ്ഥിതി നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുക, മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിവയെല്ലാം ബോർഡിന്റെ ഉത്തരവാദിത്തങ്ങളിൽപ്പെടുന്നു.  

3. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB)

ജൈവവൈവിധ്യത്തിൻ്റെ സംരക്ഷണം ലക്ഷ്യമിട്ട് 2005-ൽ ജൈവവൈവിധ്യ നിയമപ്രകാരം സ്ഥാപിതമായ ഭരണസംവിധാനമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്. ഇത് സംസ്ഥാനത്തെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും ജൈവ വിഭവങ്ങളും പരമ്പരാഗത അറിവുകളും ശേഖരിക്കാനും പൊതുജന പങ്കാളിത്തത്തോടെ ജൈവവൈവിധ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും വേണ്ടി നിലകൊള്ളുന്നു. ഒപ്പം തന്നെ പ്രാദേശിക ജൈവവൈവിധ്യം പരിപാലിക്കുകയും ജൈവവൈവിധ്യ രജിസ്റ്ററുകൾ തയ്യാറാക്കുകയും, പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവരുകയും ചെയ്യുന്നു.    

4. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE)

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE) കേരളത്തിലെ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി രംഗങ്ങളിൽ മുന്നേറ്റങ്ങൾ കൈവരിക്കാൻ രൂപീകരിച്ച ഒരു സ്ഥാപനമാണ്. 2002-ൽ സ്ഥാപിതമായ ഈ കൗൺസിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു. ഒപ്പം പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി കെഎസ്‌സിഎസ്ടിഇ ശാസ്ത്ര സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതി ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കുറിച്ചുള്ള പൊതുജനാവബോധം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നു.

5. കേരള തീരദേശ പരിപാലന അതോറിറ്റി (KCZMA)

കേരള തീരദേശ പരിപാലന അതോറിറ്റി (Kerala Coastal Zone Management Authority) സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിടുന്നു. തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായുള്ള തീരദേശ നിയന്ത്രണ മേഖല (CRZ) നിയമങ്ങൾ നടപ്പിലാക്കുന്നത് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ്. തീരദേശ പ്രദേശങ്ങളിലെ അനധികൃത നിർമാണങ്ങൾ തടയുക, ഒപ്പം പരിസ്ഥിതി സൗഹൃദമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ. ഇതിലൂടെ തീരദേശ പരിസ്ഥിതി സംരക്ഷിക്കുകയും സുസ്ഥിര വികസനം നടപ്പിലാക്കുകയും ചെയ്യുന്നു.   

6. കേരള സംസ്ഥാന ഭൂവിനിയോ​ഗ ബോർഡ്

കേരള സംസ്ഥാന ഭൂവിനിയോ​ഗ ബോർഡ് കേരളത്തിലെ ഭൂവിനിയോഗ നടപടികൾ നിയന്ത്രിക്കുന്ന ഒരു പ്രധാന സ്ഥാപനമാണ്. ഭൂമിയുടെ സമർത്ഥവും സുസ്ഥിരവുമായ ഉപയോഗം ഉറപ്പാക്കുന്നതിനായി വിവിധ നയങ്ങൾ രൂപവത്കരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. കൃഷി, വനം, നിർമാണം തുടങ്ങിയ വിവിധ മേഖലകളിലെ ഭൂമിയുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കുന്നതിനും സമഗ്രമായ വിവരശേഖരണം നടത്തുന്നതിനും ബോർഡ് മുൻതൂക്കം നൽകുന്നു. ഒപ്പം പ്രകൃതിദത്ത വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ശ്രദ്ധ കൊടുക്കുന്നു. കേരളത്തിലെ ഭൂവിനിയോഗം സംബന്ധിച്ച നയതന്ത്രവും, അളവിലും ഗുണനിലവാരത്തിലും ഊന്നിയുള്ള മാർഗ്ഗനിർദ്ദേശങ്ങളും ബോർഡ് രൂപീകരിക്കുന്നു.

7. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കേരളത്തിലെ തൃശ്ശൂരിലെ പീച്ചി ആസ്ഥാനമായുള്ള ​ഗവേഷണ സ്ഥാപനമാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. വനസംരക്ഷണവും പരിസ്ഥിതി പരിപാലനവും ഇതിന്റെ പ്രധാന ദൗത്യങ്ങളാണ്. കൂടാതെ വന-പരിസ്ഥിതി വ്യവസ്ഥകൾ, ജൈവ വൈവിധ്യം, സുസ്ഥിര വന പരിപാലനം, മണ്ണ് സംരക്ഷണം, ജലസ്രോതസ്സുകളുടെ പരിപാലനം എന്നിവയിൽ ഗവേഷണവും നടത്തുന്നു. 1975-ൽ സ്ഥാപിതമായ ഈ ഇൻസ്റ്റിറ്റ്യൂട്ട് വനപ്രദേശങ്ങളുടെ സംരക്ഷണത്തിലും പരിസ്ഥിതി സൗഹൃദവികസനത്തിലും വളരെ വലിയ സംഭാവനകൾ നൽകിവരുന്നു. 

8. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി     

സംസ്ഥാനത്തെ നിർദ്ദിഷ്ട വികസന പദ്ധതികളുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുകയാണ് സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിയുടെ പ്രധാന പ്രവർത്തനം. പുതിയ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുമ്പോഴുണ്ടാകുന്ന ഫലങ്ങൾ സമഗ്രമായി പരിശോധിച്ച് അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ഇത് പരിസ്ഥിതിയിൽ പ്രതികൂല ഇടപെടലുകൾ കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നു. സുസ്ഥിരമായ വികസനം ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. 

9. സോഷ്യൽ ഫോറസ്ട്രി വിംഗ്

കേരള വനം വകുപ്പിൻ്റെ ഒരു ഉപവിഭാ​ഗമാണ് സോഷ്യൽ ഫോറസ്ട്രി വിംഗ്.  വനമേഖലകൾക്ക് പുറത്ത് വൃക്ഷത്തൈ നടീലും വനപരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നഗരപ്രദേശങ്ങളിൽ ഹരിത ഇടങ്ങൾ വികസിപ്പിക്കുക, സുസ്ഥിരത മെച്ചപ്പെടുത്തുന്നതിന് കാർഷിക സംവിധാനങ്ങളുമായി വനങ്ങളെ സംയോജിപ്പിക്കുക, മണ്ണ് - ജീവവൈവിധ്യം സംരക്ഷണം എന്നിങ്ങനെ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു. സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ സാമൂഹികവും സാമ്പത്തികവുമായ ഉയർച്ച കൈവരിക്കുന്നതിൽ സോഷ്യൽ ഫോറസ്ട്രി വിംഗ് സുപ്രധാന പങ്ക് വഹിക്കുന്നു.  

10. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈ​ബ്സ് (KIRTADS)

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈ​ബ്സ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഈ സമൂഹങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകലും, തദ്ദേശീയ സമൂഹങ്ങളും അവയുടെ സ്വാഭാവിക പരിസ്ഥിതിയും തമ്മിലുള്ള ഇടപെടലിനെക്കുറിച്ചുള്ള ​ഗവേഷണവും സുസ്ഥിരമായ ഭാവി ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 02-08-2024

ലേഖനം നമ്പർ: 1475

sitelisthead