1. വനസംരക്ഷണ നിയമം

വനനശീകരണം തടയുന്നതിനും വനഭൂമിയെ വനേതര ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നത് നിയന്ത്രിക്കുന്നതിനും വേണ്ടി ഇന്ത്യയിൽ നടപ്പാക്കപ്പെട്ട ഒരു നിർണായക നിയമമാണ് 1980-ലെ വനസംരക്ഷണ നിയമം. ഈ നിയമം പ്രകാരം, വനഭൂമിയുടെ ഉപയോഗം സുസ്ഥിരമാണെന്നും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നു. കേരളം ഉൾപ്പെടെ ഇന്ത്യയിലുടനീളം ഈ നിയമം ബാധകമാണ്. ഈ നിയമത്തിന്റെ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം കേരള വനം വകുപ്പിനാണ്. വനഭൂമിയുടെ ഉപയോഗം നിരീക്ഷിക്കൽ, ഭൂമി തിരിച്ചുവിടുന്നതിനുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യൽ, നഷ്ടപരിഹാര വനവൽക്കരണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2. കേരള വന നിയമം

1961-ൽ പ്രാബല്യത്തിൽ വന്ന കേരള വന നിയമം സംസ്ഥാനത്തെ വനഭൂമികളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിനുള്ള നിർണായക നിയമമാണ്. ഈ നിയമം അനധികൃത കൃത്യങ്ങൾ തടയുന്നതിനും വനം സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും വേണ്ടി നിലകൊള്ളുന്നു. അനുമതിയില്ലാതെ വനഭൂമിയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാൽ, കൃഷിയിടങ്ങൾ, വീടുകൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് വനഭൂമി ഉപയോഗിക്കുന്നത് നിയന്ത്രിതമാണ്. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവുശിക്ഷയും ലഭിക്കും. ഈ നിയമം നഷ്ടപരിഹാരത്തുക ഉപയോഗിച്ച് വനവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, വനസംരക്ഷണത്തിനുള്ള നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും നിർദേശിക്കുകയും ചെയ്യുന്നു.

3. കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്റ്റ്

ആറ്റുമണൽ വൻതോതിൽ കുഴിച്ചുവാരുന്നതിൽ നിന്നും നദീതീരങ്ങളെയും നദിയുടെ അടിത്തട്ടിനെയും സംരക്ഷിക്കുന്നതിനും അവയുടെ ജൈവ- ഭൗതിക പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കുന്നതിനും വേണ്ടി 2001ൽ രൂപപ്പെടുത്തിയ നിയമമാണിത്. ഒപ്പം ആറ്റുമണൽ നീക്കം ചെയ്യുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിയന്ത്രണവും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുസ്ഥിരമായ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഈ നിയമം അടിവരയിടുന്നു. 

4. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം

കേരളത്തിലെ കാർഷിക രംഗത്തെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പ് വരുത്തുന്നതിനും വേണ്ടി നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനായി 2008 ആ​ഗസ്റ്റ് 12ന് നിലവിൽ വന്ന നിയമമാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. തണ്ണീർത്തടങ്ങൾ, നെൽകൃഷി ചെയ്യുന്ന പ്രദേശങ്ങൾ, പുഴ, കുളം, ചാലുകൾ എന്നിവയുടെ സംരക്ഷണമാണ് ഈ നിയമം ലക്ഷ്യമിടുന്നത്. നെൽകൃഷി നിലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയില്ല. ഈ നിയമ ലംഘനത്തിന് ശക്തമായ ശിക്ഷകളും പിഴകളും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നെൽകൃഷി നിലം ക്രമാതീതമായി കുറഞ്ഞുവരുന്നതും തണ്ണീർത്തടങ്ങൾ നശിപ്പിക്കപ്പെടുന്നതും പ്രതിരോധിക്കാൻ ഈ നിയമം ഏറെ സഹായകരമാണ്.

5. പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA)

പരിസ്ഥിതി ആഘാത വിലയിരുത്തൽ അല്ലെങ്കിൽ EIA എന്നത് പരിസ്ഥിതിയിൽ ഒരു നിർദ്ദിഷ്ട പ്രവർത്തനത്തിൻ്റെ/പദ്ധതിയുടെ സ്വാധീനം പ്രവചിക്കാനുള്ള പഠനമാണ്. ഒരു പദ്ധതിയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സഹായിക്കുന്ന ഒന്നാണിത്. ഇത് ഒരു പദ്ധതിയുടെ വിവിധ ബദലുകൾ താരതമ്യം ചെയ്യുകയും സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മനുഷ്യ-ആരോഗ്യ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നു. നിർദ്ദിഷ്ട പദ്ധതിയുടെ സാധ്യമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ തിരിച്ചറിയാനും പ്രതികൂല ഫലങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കാനും ലഘൂകരണം നടപ്പിലാക്കിയതിനു ശേഷവും കാര്യമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്ന് പ്രവചിക്കാനും പരിസ്ഥിതി ആഘാത വിലയിരുത്തൽ സഹായിക്കുന്നു. 

6. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങൾ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB) മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ചട്ടങ്ങൾ നടപ്പിലാക്കുന്നു. വ്യാവസായിക, വാണിജ്യ പ്രവർത്തനങ്ങൾ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് വായു, ജലം, മണ്ണിൻ്റെ ഗുണനിലവാരം, ശബ്ദ നിയന്ത്രണം എന്നിവയ്ക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു. മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കുന്നതോടൊപ്പം പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് മാലിന്യ സംസ്കരണ രീതികൾ, പുനരുപയോഗം പ്രോത്സാഹിപ്പിക്കൽ, ശരിയായ സംസ്കരണം എന്നിവയ്ക്കും ഇത് ഊന്നൽ നൽകുന്നു. 

7. കാലാവസ്ഥാ വ്യതിയാനം-കേരള സംസ്ഥാന കർമപദ്ധതി

കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള കേരളത്തിന്റെ ശ്രമങ്ങളാണ് കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാന ലഘൂകരണവും കാലാവസ്ഥയ്ക്കനുകൂലമായ നടപടികളും പദ്ധതിയുടെ ഭാ​ഗമാണ്. കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കൃഷി, ജലസ്രോതസ്സുകൾ, ഊർജ്ജം, ജൈവവൈവിധ്യം തുടങ്ങിയ മേഖലകളിൽ കർമപദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  2040-ഓടെ 100 ശതമാനവും പുനരുപയോഗ ഊർജം ഉപയോഗിക്കാനും 2050-ഓടെ കാർബൺ-ന്യൂട്രൽ സംസ്ഥാനമായി മാറാനുമുള്ള ലക്ഷ്യം കൈവരിക്കുകയുമാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കേരള സംസ്ഥാന കർമപദ്ധതിയുടെ രണ്ടാം പതിപ്പ് ലക്ഷ്യമിടുന്നത്. 

8. കേരള ഭൂവിനിയോഗ ഉത്തരവ്

കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യുന്നത് തടയാനും ഭൂവിനിയോ​ഗം കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നതാണ് 1967ലെ കേരള ഭൂവിനിയോഗ ഉത്തരവ്. ഭൂവിഭവങ്ങൾ സംരക്ഷിക്കുകയും കാർഷിക ഉൽപ്പാദനക്ഷമതയ്ക്കായി അവയുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുകയും ചെയ്യുന്നു. ഭൂവിനിയോഗ മാറ്റങ്ങൾ നിയന്ത്രിക്കുന്നതിലൂടെ, വികസന ആവശ്യങ്ങളെ പാരിസ്ഥിതിക സുസ്ഥിരതയോടെയും കാർഷിക ഉൽപാദനക്ഷമതയോടെയും സന്തുലിതമാക്കാനും ശ്രമിക്കുന്നു. 

9. തീരദേശ നിയന്ത്രണ മേഖല (CRZ) അറിയിപ്പുകൾ

തീരദേശ പരിസ്ഥിതിയേയും അനുബന്ധ ആവാസവ്യവസ്ഥയേയും സംരക്ഷിക്കുന്നതിനായി തീരദേശ നിയന്ത്രണ മേഖല അറിയിപ്പുകൾ നൽകുന്നു. വികസന പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മറ്റും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.

10. കേരള ഭൂ‌ജല (നിയന്ത്രണവും ക്രമീകരണവും) ആക്ട്

സംസ്ഥാനത്ത് എല്ലാ രീതിയിലുമുള്ള ഭൂജല വികസനം ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യാനായി 2022ൽ നിലവിൽ വന്ന നിയമമാണ് കേരള ഭൂ‌ജല (നിയന്ത്രണവും ക്രമീകരണവും) ആക്ട്. ഒപ്പം തന്നെ ജലസേചനത്തേയും കുടിവെള്ള സ്രോതസ്സുകളേയും പരി​ഗണിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. കൃഷി, വ്യാവസായിക ഉപയോഗങ്ങള്‍, മറ്റു വാണിജ്യ ആവശ്യങ്ങള്‍ എന്നിവയ്ക്കുള്ള ജല ഉപഭോഗം ചിട്ടപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ രൂക്ഷമായ ജലക്ഷാമമുണ്ടാകുന്നതും ജല​ഗുണനിലവാരം കുറയുന്നതും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഈ നിയമം രൂപം കൊണ്ടത്. ഭൂഗര്‍ഭ ജലത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നത് മാത്രമല്ല, ജലവിഭവങ്ങളുടെ ശാസ്ത്രീയ പരിരക്ഷണവും നടപ്പിലാക്കുന്നു. ഈ പ്രവർത്തനങ്ങളെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ഭൂജല അതോറിറ്റികള്‍ ഏകോപിപ്പിക്കുന്നു.  

11. വന്യജീവി സംരക്ഷണ നിയമം

സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായി 1972ൽ നിലവിൽ വന്നതാണ് വന്യജീവി സംരക്ഷണ നിയമം. ഇതിന്‍റെ പ്രധാന ലക്ഷ്യം വന്യജീവികളുടെ ആവാസവ്യവസ്ഥകള്‍, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുകയും അനധികൃത വേട്ട, കച്ചവടം, വിപണനം എന്നിവ തടയുകയുമാണ്. കൂടാതെ ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, സംരക്ഷിത പ്രദേശങ്ങള്‍ എന്നിവ സ്ഥാപിക്കുകയും അവയുടെ പരിപാലനത്തിന് പ്രത്യേക ചട്ടങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. വന്യജീവി സംരക്ഷണത്തിനായുള്ള സര്‍ക്കാര്‍ നടപടികള്‍ക്കും പൊതുജന ബോധവല്‍ക്കരണത്തിനും ഈ നിയമം സഹായകരമാണ്.

12. കേരള സംസ്ഥാന ജൈവകൃഷി നയം 

കേരള സംസ്ഥാന ജൈവകൃഷി നയം (Kerala State Organic Farming Policy) 2010ലാണ് കേരള സർക്കാർ അവതരിപ്പിച്ചത്. ഈ നയം പരിസ്ഥിതി സൗഹാർദവും, ആരോഗ്യകരവുമായ, സംരക്ഷണാധിഷ്ഠിതമായ കൃഷി രീതികളെ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നു. രാസവസ്തുക്കളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയുടെ ഉപയോഗം കൂട്ടുന്നതിന് ഈ നയം ലക്ഷ്യമിടുന്നു. കർഷകരുടെ ജീവിത നിലവാരവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിനും നിലനിൽപ്പിന് അനുകൂലമായ കൃഷി രീതികൾ ഉറപ്പാക്കാനും ഈ നയം സഹായകരമാണ്. ജൈവ സർട്ടിഫിക്കേഷൻ, മാർക്കറ്റിംഗ്, പരിശീലനം, ധനസഹായം എന്നിവയ്ക്കും നയം പ്രത്യേക പ്രാധാന്യം നൽകുന്നു.

13. കേരള വൃക്ഷ സംരക്ഷണ നിയമം

വനനശീകരണം തടയുന്നതിനും വൃക്ഷ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി 1986-ല്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമാണ് കേരള വൃക്ഷ സംരക്ഷണ നിയമം. ഈ നിയമ പ്രകാരം അനുമതിയില്ലാതെ പ്രത്യേക പരിപാലനം ആവശ്യമായ മരങ്ങള്‍ വെട്ടുന്നത് ശിക്ഷാര്‍ഹമാണ്. പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഈ നിയമനിര്‍ദേശങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. ജനങ്ങളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹകരണത്തോടെ വൃക്ഷ സംരക്ഷണം കാര്യക്ഷമമാക്കാന്‍ നിയമം വലിയ പങ്ക് വഹിക്കുന്നു. ഇതിലൂടെ മനുഷ്യ ഇടപെടലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ലഘൂകരിക്കാൻ സാധിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 02-08-2024

ലേഖനം നമ്പർ: 1465

sitelisthead