കേരളത്തിലെ ഭൂപ്രകൃതിയേയും ജൈവവൈവിധ്യത്തേയും സംരക്ഷിക്കുന്നതിനായി സംസ്ഥാനം വൈവിധ്യമാർന്ന സംരക്ഷണ സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. സംരക്ഷണ മേഖലകൾ സൃഷ്ടിക്കുക, പൊതുജന പങ്കാളിത്ത പരിപാടികൾ നടപ്പിലാക്കുക, വന്യജീവികളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ നയങ്ങളും സമ്പ്രദായങ്ങളും രൂപീകരിച്ചു നടപ്പാക്കുക എന്നിവയാണ് അവയിൽ പ്രധാനപ്പെട്ട പദ്ധതികൾ.

സംരക്ഷിത പ്രദേശങ്ങൾ

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന നിരവധി വന്യജീവി സങ്കേതങ്ങളും ദേശീയ പാർക്കുകളും കേരളത്തിലുണ്ട്.

പെരിയാർ വന്യജീവി സങ്കേതം: വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്ക് പേരുകേട്ട പെരിയാർ, കേരളത്തിലെ ഒരു പ്രധാന സംരക്ഷിത മേഖലയാണ്. ആന, കടുവ കൂടാതെ നിരവധി ഇനം പക്ഷികളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണിത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ തടാകവും ഈ വന്യജീവി സങ്കേതത്തിലുണ്ട്.

ഇരവികുളം ദേശീയോദ്യാനം: വംശനാശഭീഷണി നേരിടുന്ന നീലഗിരി തഹറിന് സംരക്ഷണം നൽകുന്ന ഇരവികുളം, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയെ ഉൾക്കൊള്ളുന്നു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രധാനാകർഷണമാണ്.

സൈലൻ്റ് വാലി നാഷണൽ പാർക്ക്: പശ്ചിമഘട്ടത്തിന്റെ മനോഹരമായ മലനിരകളിൽ സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി ദേശീയോദ്യാനം, ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. ധാരാളം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായ ഈ ദേശീയോദ്യാനം, ഇന്ത്യയിലെ അവശേഷിക്കുന്ന മഴക്കാടുകളുടെ അവസാനത്തെ പ്രാകൃത പ്രദേശങ്ങളിലൊന്നാണ്. നിശബ്ദതയുടെ താഴ്‌വര അഥവാ സൈലന്റ് വാലി എന്ന പേര് ലഭിച്ചതിന് കാരണം ഈ പ്രദേശത്തെ ചീവീടുകളുടെ അസാന്നിധ്യമാണ്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 31-07-2024

ലേഖനം നമ്പർ: 1464

sitelisthead