കേരളത്തിന്റെ വ്യവസായ വിപ്ലവം

വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ കേരളം ഒരു മികച്ച മാതൃകയായി മാറിയിരിക്കുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വ്യാവസായിക മേഖല ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. 2024-25 ൽ സംസ്ഥാനത്തിന്റെ സംയോജിത മൂല്യവര്‍ധനവിന്റെ 28.5 ശതമാനം വിഹിതം വ്യവസായ മേഖലയുടേതാണ്. 

 

2023ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ 28ൽ നിന്ന് 15-ാം സ്ഥാനത്തേക്ക് വ്യവസായ കേരളം കുതിപ്പ് നടത്തി. തൊട്ടടുത്ത വർഷം കേന്ദ്ര ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചികയിൽ കേരളം ഒന്നാമതെത്തി. രാജ്യത്ത് ബിസിനസ് ഫ്രണ്ട്ലി നയങ്ങളുടെ നടപ്പാക്കലിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ 9 വിഭാഗങ്ങളിലും 95 ശതമാനത്തിലേറെ മാർക്ക് നേടിയാണ് കേരളം ചരിത്രം കുറിച്ചത്. ഏക ജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമത് എത്തിയത്.   

 

വ്യവസായങ്ങൾക്കുള്ള അനുമതികൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാൻ സഹായിക്കുന്ന കെ-സ്വിഫ്റ്റ് (K-SWIFT) പോർട്ടൽ ഈ മുന്നേറ്റത്തിൽ‌ ഏറെ പിന്തുണ നൽകിയിട്ടുണ്ട്. കെ-സിസ് (K-CIS) എന്ന ഏകീകൃത പരിശോധനാസംവിധാനം നിലവിൽ വന്നതോടെ പരിശോധനകൾ കൂടുതൽ കാര്യക്ഷമമായി. 50 കോടി രൂപ വരെ നിക്ഷേപമുള്ളതും റെഡ് കാറ്റഗറിയിൽ പെടാത്തതുമായ വ്യവസായങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മുൻകൂർ ലൈസൻസ് ഇല്ലാതെ മൂന്നുവർഷം വരെ പ്രവർത്തന അനുമതി നൽകുന്ന സംയോജിത ലൈസൻസ് സ്കീമും (composite license scheme) നടപ്പാക്കിയിട്ടുണ്ട്. സംരംഭക പരാതികൾ പരിഹരിക്കാൻ രാജ്യത്ത് ആദ്യമായി സിവിൽ കോടതി അധികാരത്തോടെയുള്ള സ്റ്റാറ്റിയൂട്ടറി സമിതിയും ഓൺലൈൻ പോർട്ടലും സംസ്ഥാനത്ത് സാധ്യമാക്കിയതും കേരളത്തിന്റെ വ്യവസായ വിപ്ലവത്തിന്റെ മൂർച്ച കൂട്ടി.    

 

സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ വ്യാവസായിക നയം 2023-ൽ സർക്കാർ അംഗീകരിച്ചു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യകൾക്ക് പ്രാധാന്യം നൽകുക, നൈപുണ്യ വികസനം, സുസ്ഥിര വ്യവസായ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ബയോടെക്‌നോളജി, ഇലക്ട്രിക് വാഹനങ്ങൾ, ഫുഡ് ടെക്‌നോളജീസ് തുടങ്ങിയ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകൾക്ക് പ്രത്യേക പ്രോത്സാഹനമാണ് കേരളം നൽകുന്നത്. MSME (Micro, Small and Medium Enterprises) മേഖലയ്ക്ക് പ്രത്യേക ശ്രദ്ധയും സഹായവും നൽകുന്നു. നിക്ഷേപം നടത്തുന്നവർക്ക് വിവിധ സാമ്പത്തിക ആനുകൂല്യങ്ങളും സബ്‌സിഡികളും ഈ നയത്തിലൂടെ ലഭ്യമാക്കുന്നു.

 

സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് പോലുള്ള വലിയ നിക്ഷേപക സംഗമങ്ങളും സംഘടിപ്പിച്ചു. സ്വകാര്യ മേഖലയിൽ വ്യവസായപാർക്കുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. വ്യവസായങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 10,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി പോലുള്ള വ്യാവസായിക ഇടനാഴികൾ (Industrial Corridors) ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഒപ്പം തന്നെ കേരളത്തിലെ വ്യാവസായിക മേഖല ഇനിയും മുന്നേറാൻ വേണ്ട പ്രവർത്തനങ്ങളും നടന്നുവരികയാണ്.

 

കേരളത്തിലെ സംരംഭങ്ങൾ: ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ (2024-2025)

അനുബന്ധ ലേഖനങ്ങൾ

കുടുംബശ്രീ- വികസനത്തിന്റെ, വളർച്ചയുടെ, സ്വയംപര്യാപ്തതയുടെ പാഠങ്ങൾ
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. കഴിഞ്ഞ 10 വർഷം കൊണ്ട്   കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ ബാങ്ക് നിക്ഷേപം 9,054 കോടി രൂപയാണ്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ- കേരളത്തിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി
കേരളത്തിലെ എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). ലൈഫ് മിഷൻ്റെ ഭാഗമായി ഇതുവരെ 5,82,172 പേർക്ക് വീട് അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ