
കേരളത്തിലെ എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). ലൈഫ് മിഷൻ്റെ ഭാഗമായി ഇതുവരെ 5,82,172 പേർക്ക് വീട് അനുവദിച്ചു. ഇതിൽ 4,57,055 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. 1,25,117 വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
രാജ്യത്തെ അഫോർഡബിൾ ഹൗസിംഗ് മേഖലയിലെ നയരൂപീകരണത്തിനായി നീതി ആയോഗ് തയ്യാറാക്കിയ 2025-ലെ ‘A Comprehensive Framework to Promote Affordable Housing’ എന്ന റിപ്പോർട്ടിൽ ലൈഫ് മിഷൻ പദ്ധതിയെ മികച്ച പ്രവർത്തന മാതൃകയായി തെരഞ്ഞെടുത്തിട്ടുണ്ട്. ഭവനനിർമ്മാണത്തോടൊപ്പം സാമൂഹിക ഉൾക്കൊള്ളൽ, ജീവിതോപാധി ഉറപ്പാക്കൽ, സാമ്പത്തിക ശാക്തീകരണം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള കേരളത്തിന്റെ സമഗ്ര വികസന മാതൃക ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭൂമിയുള്ള ഭവനരഹിതർ, ഭവന നിർമാണം പൂർത്തിയാക്കാൻ കഴിയാത്തവർ അല്ലെങ്കിൽ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവർ, തീരദേശ മേഖലകൾ, തോട്ടം മേഖലകൾ, പുറമ്പോക്കുകൾ എന്നിവിടങ്ങളിലെ താത്കാലിക പാർപ്പിടങ്ങൾ, ഭൂമിയില്ലാതെ താമസിക്കുന്ന ഭവനരഹിതർ എന്നിവരാണ് ലെെഫിന്റെ ഗുണഭോക്താക്കൾ.
മുമ്പ് ഭവനനിർമ്മാണ ധനസഹായം ലഭിക്കാൻ കരാറിൽ ഏർപ്പെട്ട് നിർമ്മാണം പൂർത്തീകരിക്കാത്ത 54,116 കുടുംബങ്ങളെയും ലൈഫ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി സഹായം നൽകി. സാധാരണ ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപയും ദുർഘട പ്രദേശങ്ങളിലെ പട്ടികവർഗക്കാർക്ക് 6 ലക്ഷം രൂപയും ലൈഫ് ധനസഹായമായി നൽകുന്നു.
ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നു. ഇതിനകം 4 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ രണ്ട് ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ഒരു ഭവന സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. ലൈഫ് മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, പങ്കാളിത്തം, സ്പോൺസർഷിപ്പ് എന്നിവയിലൂടെ ഇതുവരെ 960 ഫ്‌ളാറ്റുകൾ ഭൂരഹിത ഭവനരഹിതർക്ക് പൂർത്തീകരിച്ച് കൈമാറി.
ഭൂരഹിതരായവർക്ക് ഭൂമി നൽകാൻ താത്പര്യമുള്ളവർക്കായി ആവിഷ്കരിച്ച 'മനസ്സോടിത്തിരി മണ്ണ്' പദ്ധതി ജനപങ്കാളിത്തം കൊണ്ട് വിജയമായി മാറി. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 31.61 ഏക്കർ ഭൂമി തദ്ദേശ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ 21.76 ഏക്കർ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്/ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകിക്കഴിഞ്ഞു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഭൂമി നൽകുന്ന പദ്ധതിയും ലയൺസുമായി ചേർന്ന് 100 വീടുകൾ ഉൾപ്പെടുന്ന വില്ലേജ് നിർമ്മിക്കുന്ന പദ്ധതിയും പുരോഗതിയിലാണ്.
ലൈഫ് പദ്ധതിക്ക് വേണ്ടിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തിരിച്ചടവ് ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയിൽ എത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സർക്കാർ വഹിക്കുന്നത് അവയുടെ കടബാധ്യത കുറയ്ക്കുന്നു. ലൈഫ് മിഷൻ, വെറുമൊരു ഭവന നിർമ്മാണ പദ്ധതിയല്ല, മറിച്ച് ഓരോ കുടുംബത്തിനും സുരക്ഷിതത്വവും അന്തസ്സും നൽകി, സാമൂഹിക സമത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്.
ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ച ഭവനങ്ങളുടെ കണക്കുകളും വിവരങ്ങളും