
2023 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ, കേരളത്തിന്റെ ജലഗതാഗത സംവിധാനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ജൈത്ര യാത്ര തുടരുന്നു. ഇതുവരെ 60 ലക്ഷം യാത്രക്കാരാണ് വാട്ടർ മെട്രോ സംവിധാനം ഉപയോഗപെടുത്തിയിരിക്കുന്നത്. അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനമാണിത്.
സർവീസ് ആരംഭിച്ച ആദ്യ 107 ദിവസംകൊണ്ട് തന്നെ വാട്ടർ മെട്രോ 10 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി. 161 ദിവസത്തിനുള്ളിൽ 50 ലക്ഷം യാത്രക്കാർ എന്ന നാഴികക്കല്ലും വാട്ടർ മെട്രോ പിന്നിട്ടു. വൈറ്റിലയിൽ നിന്ന് ഇൻഫോപാർക്കിനെ ബന്ധിപ്പിക്കുന്ന കാക്കനാട് റൂട്ടും, ഹൈക്കോടതിയിൽ നിന്ന് വൈപ്പിനിലേക്കുള്ള റൂട്ടുമാണ് വാട്ടർ മെട്രോയുടെ പ്രധാന പാതകൾ. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റു കളും (20രൂപ മുതൽ), കൊച്ചി മെട്രോ യിൽ ഉപയോഗിക്കുന്ന 'കൊച്ചി വൺ കാർഡ്' (Kochi1 Card) ഇതിലും ഉപയോഗിക്കാം എന്നതും ഈ സംവിധാനത്തെ കൂടുതൽ ജനപ്രിയമാക്കുന്നു.
സാമ്പത്തിക വർഷത്തിൽ നിന്ന് 2024-25 ലേക്ക് വരുമ്പോൾ വാട്ടർമെട്രോയുടെ പ്രവർത്തന കണക്കുകളിൽ ശ്രദ്ധേയമായ വളർച്ചയും വിപുലീകരണവും കാണിക്കുന്നു. സർവീസ് നടത്തുന്ന റൂട്ട് ദൈർഖ്യം 8.65 കി.മീറ്ററിൽ നിന്ന് 25.11 കി.മീറ്ററായി ഇരട്ടിയിലധികം വർദ്ധിച്ചു.
ബോട്ടുകളുടെ എണ്ണം 12-ൽ നിന്ന് 20 ആയി ഉയരുകയും ചെയ്തു.
ഷെഡ്യൂൾ ചെയ്ത ട്രിപ്പുകളുടെ എണ്ണം (39,770 ൽ നിന്ന് 54,408 ആയി) ഗണ്യമായി ഉയർത്തിയതിലൂടെ, യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു. ഇതിലൂടെ, ഉൾനാടൻ ജലഗതാഗതത്തിൽ നിന്നുള്ള മൊത്ത വരുമാനം 413.2 ലക്ഷം രൂപയിൽ നിന്നും 813.55 ലക്ഷം രൂപയായി ഇരട്ടിയാക്കുന്നതിന് സാധിച്ചു. 2025-26 കാലയളവിൽ (ഓഗസ്റ്റ് 2025 വരെ) 25.3 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ 20 ബോട്ടുകൾ ഉപയോഗിച്ച് സംവിധാനത്തിന്റെ വിപുലീകരണം തുടർന്ന് കൊണ്ടിരിക്കുകയാണ്.
ഗതാഗത മേഖലയിലെ പൊതുജന സേവനങ്ങൾ നൽകുന്നതിൽ മികവ് പുലർത്തുന്നതിനുള്ള സ്കോച്ച് അവാർഡ്, പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾക്കുള്ള ഹഡ്‌കോ അവാർഡ് ,രാജ്യാന്തര പുരസ്‌കാരമായ ഗുസ്‌റ്റാവ് ട്രൂവേ അവാര്‍ഡ്, ഷിപ്ടെക് ഇൻ്റര്‍നാഷണല്‍ അവാര്‍ഡ് എന്നിവ ഈ കാലയളവിൽ വാട്ടർ മെട്രോയെ തേടിയെത്തിയ ചില നേട്ടങ്ങളാണ്. ജലപാതകളെ പൊതുഗതാഗത ശൃംഖലയിലേക്ക് സമഗ്രമായി ഉൾപ്പെടുത്തുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും ഗതാഗത കാര്യക്ഷമതയും സാമൂഹിക ഉൾക്കൊള്ളലും ഒരേസമയം സാധ്യമാക്കുന്ന ഒരു മാതൃകയാണ് വാട്ടർ മെട്രോ. ഈ സംവിധാനം വഴി, റോഡ് ഗതാഗതത്തിനുള്ള സമ്മർദ്ദം കുറയ്ക്കാനും, നഗരജീവിതത്തിന്റെ ഗുണനിലവാരം ഉയർത്താനും സാധിക്കുന്നു.