സൗജന്യചികിത്സാ രംഗത്ത് തിളങ്ങി കേരളം; ഇതുവരെ ചികിത്സ ലഭ്യമാക്കിയത് 25.17 ലക്ഷം പേർക്ക്

ഏറ്റവും കൂടുതൽ സൗജന്യചികിത്സ ലഭ്യമാകുന്ന സംസ്ഥാനമായി കേരളം. 2021 മുതൽ ഇതുവരെ 25.17 ലക്ഷം പേർക്ക് 8136 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ (കാസ്‌പ്) പദ്ധതി വഴി മാത്രം 24.06 ലക്ഷം പേർക്ക് 7163 കോടി രൂപയുടെ  സൗജന്യ ചികിത്സയാണ് സർക്കാർ ലഭ്യമാക്കിയത്. ആരോഗ്യ വകുപ്പിനു കീഴിലെ സംസ്ഥാന ഹെൽത്ത് ഏജൻസി വഴിയാണ് കാസ്‌പ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 43.07 ലക്ഷം കുടുംബങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പൊതു- സ്വകാര്യ മേഖലകളിൽനിന്ന് എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള 597 ആശുപത്രി വഴിയാണ് സേവനം നൽകുന്നത്.

 

2012 ഫെബ്രുവരിയില്‍ ആരംഭിച്ച കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64,075 പേർക്ക് 580.56 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റ തവണത്തേക്ക് രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയും ലഭ്യമാകും.

 

ക്യാൻസർ രോഗികൾക്ക്  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബനവലന്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ വഴി കഴിഞ്ഞ നാല് വർഷത്തിനിടെ 1400 കോടി രൂപയുടെ സൗജന്യ ക്യാൻസർ ചികിത്സ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞു. 2024ൽ മാത്രം 41,000-ത്തിലധികം രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമായത്.  കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്ന കാരുണ്യ സ്പർശം സിറോ പ്രോഫിറ്റ് ആൻ്റി കാൻസർ ഡ്രഗ് കൗണ്ടറുകളും ഈ കാലയളവിൽ  ആരംഭിച്ചിരുന്നു. ഇതുവഴി ഇതുവരെ മൂന്ന് കോടിയോളം രൂപയുടെ മരുന്ന് വിതരണം നടത്തി. 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ്  കുറഞ്ഞ വിലയ്ക്ക് നൽകുന്നത്.  

 

ജനനം മുതല്‍ 18 വയസ്സ് വരെയുള്ള അര്‍ഹതപ്പെട്ട എല്ലാരോഗികൾക്കും സൗജന്യചികിത്സയും അനുബന്ധവൈദ്യസേവനങ്ങളും നല്കുന്ന പദ്ധതിയാണ് ആരോഗ്യകിരണം. ഒ.പി. രജിസ്ട്രേഷന്‍ ചെലവ്, രോഗനിർണ്ണയം/മരുന്നുകള്‍/ഇംപ്ലാന്റുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്ന വസ്തുക്കള്‍ എന്നീ ചെലവുകളാണ് ഈ പദ്ധതിയിലുള്‍പ്പെടുന്നത്. 2025 ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് ക്ലെയിം ചെയ്ത ആകെ തുക 60.27 കോടി രൂപയാണ്. 

 

കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയക്കും അതിന്റെ തുടർചികിത്സക്കും വേണ്ടിയുള്ള ശ്രുതിതരംഗം, കിഡ്നി രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സെറിബ്രൽ പാൾസി, അസ്ഥിരോഗം, ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിവയാൽ ബുദ്ധിമുട്ടുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നല്കുന്ന താലോലം പദ്ധതി എന്നിവയും സർക്കാരിന്റെ വിവിധ സൗജന്യ ചികിത്സ പദ്ധതികളിൽ ഉൾപ്പെടുന്നു. 

 

ഇതുകൂടാതെ, സ്വകാര്യ മേഖലയിൽ 40 ലക്ഷത്തിലധികം ചെലവ് വരുന്ന കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായോ കുറഞ്ഞ നിരക്കിലോ സർക്കാർ മെഡിക്കൽ കോളേജുകളിൽ  വഴി ചെയ്യുന്നത്, 14 ജില്ലകളിലും രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി, സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം  തുടങ്ങി നിരവധി പദ്ധതികളാണ് ഈ സർക്കാരിന്റെ കാലയളവിൽ നടപ്പിലാക്കാനായത്. 

 

ഇത്തരം നിരന്തരമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം എന്ന നിലക്ക്  കേന്ദ്ര സർക്കാരിന്റെ “ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം  കേരളത്തിന് ലഭിച്ചു. തുടർച്ചയായ  മൂന്നാം തവണയാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മികച്ച സ്‌കീം വിനിയോഗം കാഴ്ചവെച്ച പദ്ധതിയായി  തെരഞ്ഞെടുക്കപ്പെട്ടു.

 

കേരളത്തിലെ സൗജന്യ ചികിത്സാ സംവിധാനം സാമൂഹ്യനീതിയുടെയും മാനവികതയുടെയും ശക്തമായ ഉദാഹരണമാണ്. സാമ്പത്തിക ശേഷിയെന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഗുണമേൻമയുള്ള ചികിത്സ ഉറപ്പാക്കുന്ന ഈ സംവിധാനം, രാജ്യത്തിനുതന്നെ ഒരു മാതൃകയായി നിലകൊള്ളുന്നു.

 

സൗജന്യ ചികിത്സ കണക്കുകള്‍

അനുബന്ധ ലേഖനങ്ങൾ

ജലഗതാഗതത്തിൽ കേരള മാതൃക, 60 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ
2023 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ, കേരളത്തിന്റെ ജലഗതാഗത സംവിധാനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ജൈത്ര യാത്ര തുടരുന്നു. ഇതുവരെ 60 ലക്ഷം യാത്രക്കാരാണ് വാട്ടർ മെട്രോ സംവിധാനം ഉപയോഗപെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സ്മാർട്ടായി ഡിജിറ്റൽ റീസർവ്വേ; അളന്നു തിട്ടപ്പെടുത്തിയത് 8.08 ലക്ഷം ഹെക്ടർ ഭൂമിയും, 59.2 ലക്ഷം ഭൂഭാഗങ്ങളും
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീസർവ്വേ പദ്ധതിയിലൂടെ  8.08 ലക്ഷം ഹെക്ടർ ഭൂമിയും 59.2 ലക്ഷം ഭൂഭാഗങ്ങളുമാണ് സംസ്ഥാനത്ത് അളന്നു തിട്ടപ്പെടുത്തിയത്. 2023 ഓഗസ്റ്റോടെയാണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി 'എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ ആരംഭിക്കുന്നത്.    ഭൂഭരണം ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ഇ-ഗവേണൻസ് സംരംഭമാണ് കേരള ഡിജിറ്റൽ ലാൻഡ് സർവേ.
കൂടുതൽ വിവരങ്ങൾ