
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീസർവ്വേ പദ്ധതിയിലൂടെ 8.08 ലക്ഷം ഹെക്ടർ ഭൂമിയും 59.2 ലക്ഷം ഭൂഭാഗങ്ങളുമാണ് സംസ്ഥാനത്ത് അളന്നു തിട്ടപ്പെടുത്തിയത്. 2023 ഓഗസ്റ്റോടെയാണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി 'എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ ആരംഭിക്കുന്നത്.
ഭൂഭരണം ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ഇ-ഗവേണൻസ് സംരംഭമാണ് കേരള ഡിജിറ്റൽ ലാൻഡ് സർവേ. പ്രസ്തുത പദ്ധതിയിലൂടെ 2025 വരെ സംസ്ഥാനത്തെ ആകെയുള്ള 1666 ഗ്രാമങ്ങളിൽ, 922 ഗ്രാമങ്ങളിലും റീസർവേ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
തുടർച്ചയായി പ്രവർത്തിക്കുന്ന റഫറൻസ് സ്റ്റേഷനുകൾ, റിയൽ ടൈം കൈനമാറ്റിക് റോവറുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ പ്രവൃത്തി നടന്നുവരുന്നത്. ഭൂവുടമസ്ഥാവകാശം സംരക്ഷിക്കുക, ഉപയോക്തൃ സൗഹൃദ ഇടപാടുകൾ സാധ്യമാക്കുക, പിശകുകളില്ലാത്ത ഡിജിറ്റൽ ലാൻഡ് രേഖകൾ സൃഷ്ടിക്കുക എന്നിവയാണ് ഡിജിറ്റൽ റീസർവേയുടെ ലക്ഷ്യം.
നാഷണൽ ഇൻഫർമാറ്റിക്സ്സെന്റർ (NIC) വികസിപ്പിച്ച ‘എന്റെ ഭൂമി’ പോർട്ടൽ, കേരളത്തിന്റെ ഡിജിറ്റൽ സർവേ പരിപാടിയിലെ ഒരു പ്രധാന ഘടകമാണ്. ‘എന്റെ ഭൂമി’ പോർട്ടൽ, ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എന്റെ ഭൂമി പദ്ധതി പ്രകാരം 336 ഗ്രാമങ്ങളിൽ ഫീൽഡ് സർവേകൾ ഇതിനകം പൂർത്തിയാക്കി. കൂടാതെ,185 ഗ്രാമങ്ങളിൽ സർവേ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിച്ചുവരുന്നു.
ഡിജിറ്റൽ സർവേയുടെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ ‘എന്റെ ഭൂമി’ പോർട്ടൽ (https://entebhoomi.kerala.gov.in) ഒരു സമഗ്രമായ പരിഹാരമായാണ് പ്രവർത്തിക്കുന്നത്. ഇത് സർവേയർമാർക്ക് പഴയ സർവേ ഡാറ്റ എളുപ്പത്തിൽ ലഭ്യമാക്കുകയും, രേഖകൾ ശേഖരിക്കാൻ ഓഫീസ് സന്ദർശിക്കേണ്ട ആവശ്യം ഒഴിവാക്കുകയും ചെയ്യുന്നു. പേപ്പർ രഹിത പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിലും സഹായിക്കുന്നു. ഫീൽഡ് സർവേ നടക്കുന്നസമയത്ത് ഭൂവുടമയ്ക്ക് തങ്ങളുടെ സ്വത്തുസംബന്ധിച്ച പ്രധാന വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഈ പോർട്ടൽ നൽകുന്നു. സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ പൗരന്മാർക്ക് ഭൂമി രേഖകൾ ഓൺലൈനായി പരിശോധിക്കാനാകും. കൂടാതെ, ഭൂമിയുമായി ബന്ധപ്പെട്ട വ്യതിയാനങ്ങൾ പരിഹരിക്കുന്നതിനായി പരാതിനിവാരണ സംവിധാനം ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ തന്നെ ഡിജിറ്റൽ ലാൻഡ് സർവ്വേ ആരംഭിച്ച് കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണ്. സർവ്വേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്ത് ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കി എന്നതും ശ്രദ്ധേയമാണ്. 'എന്റെ ഭൂമി' സംയോജിത പോർട്ടൽ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം കൂടിയാണ്. അഞ്ചു വർഷത്തിനുള്ളിൽ സർവ്വേ നടപടികൾ പൂർത്തികരിക്കുകയാണ് സർക്കാർ ലക്ഷ്യം.